
പാലക്കാട്: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കേരളത്തിലെ പൂക്കള വിപണി കീഴടക്കാൻ തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ പൂക്കളത്താൻ തുടങ്ങി (Onam flower market Kerala). കോയമ്പത്തൂരിലെ തൊണ്ടാമുത്തൂർ, വടിവേലംപാളയം, നരസിപുരം തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങൾക്ക് മുൻപേ കൃഷിയിറക്കിയ ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, കോഴിപ്പൂവ് എന്നിവ വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. വടിവേലംപാളയത്ത് മാത്രം 250 ഏക്കറോളമാണ് പൂക്കൃഷിയുള്ളത്.
കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ ശരാശരി വില ലഭിച്ച സ്ഥാനത്ത് ഇത്തവണ ഡിണ്ടിഗലിൽ നിന്നുള്ള പൂക്കളുടെ വരവ് കൂടിയതോടെ കോയമ്പത്തൂർ മേഖലയിലെ കർഷകർക്ക് നേരിയ വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ ചെണ്ടുമല്ലി കിലോയ്ക്ക് 60 രൂപയും വാടാമല്ലി 50 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. അതേസമയം കോയമ്പത്തൂർ മൊത്തവ്യാപാര വിപണിയിൽ മഞ്ഞ ജമന്തി (200 രൂപ), വെള്ള ജമന്തി (400 രൂപ), റോസ് (240-300 രൂപ), മല്ലി (600 രൂപ), മുല്ല (400 രൂപ) എന്നിങ്ങനെയാണ് വിലനിലവാരം.
കേരളത്തിലെ പ്രധാന വിപണികൾക്ക് പുറമെ, കോയമ്പത്തൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും പൂക്കളുടെ കയറ്റുമതി സജീവമാണ്. ദുബായ്, ഷാർജ വിമാനങ്ങളിൽ ദിവസവും ഒരു ടണ്ണോളം പൂക്കൾ കയറ്റി അയക്കുന്നുണ്ടെന്നും ഓണം എത്തുന്നതോടെ ഇത് ഇരട്ടിയാകുമെന്നും കാർഗോ ഏജന്റുമാർ വ്യക്തമാക്കുന്നു.
Story Summary:
Flowers from Tamil Nadu’s Coimbatore region are flooding Kerala markets and being exported to Gulf countries as Onam approaches, despite slight price drops for farmers.




