
പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിലെ വലിയൊരു ദുരൂഹതയ്ക്ക് അവസാനമാകുന്നുവെന്ന സൂചന നൽകിക്കൊണ്ട്, മൂന്നായിരം വർഷം പഴക്കമുള്ള ഒരു ശിലാവശിഷ്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈജിപ്തിലെ സൂവസ് കനാലിന് സമീപമുള്ള ഖാന്തറ ഈസ്റ്റ് എന്ന പ്രദേശത്തെ ടെൽ അബു സൈഫിയിൽ നടത്തിയ ഖനനത്തിനിടയിലാണ് ചരിത്രപ്രധാനമായ ഈ വഴിതിരിവ് ഉണ്ടായിരിക്കുന്നത്. ചരിത്രരേഖകളിൽ മാത്രം കേട്ടറിഞ്ഞതും എന്നാൽ ഇതുവരെ കൃത്യമായ ഭൂപടം കണ്ടെത്താനാവാത്തതുമായ ‘മെസെൻ’ എന്ന നഷ്ടപ്പെട്ട പുരാതന നഗരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഈ പുതിയ കണ്ടെത്തൽ പുറത്തുകൊണ്ടുവരുന്നത്.
ഈജിപ്ത് ഭരിച്ചിരുന്ന പ്രശസ്തനായ റംസെസ് രണ്ടാമൻ ഫറോവയുടെ രാജകീയ പദവികളും നാമങ്ങളും കൊത്തിയുവെച്ച വലിയൊരു മണൽക്കല്ലിന്റെ ലിന്റലാണ് ഈ ചരിത്രഖനനത്തിൽ പ്രധാനമായും കണ്ടെത്തിയത്. രണ്ടായി മുറിഞ്ഞ നിലയിലും മൂന്ന് വശങ്ങളിലായി കൊത്തുപണികൾ നിറഞ്ഞതുമായ ഈ കല്ല് പുരാതന കാലത്തെ ഒരു പ്രധാന വാതിലിനു മീതെ സ്ഥാപിച്ചിരുന്നതായിരുന്നു. ഈ ശിലയിലെ ലിഖിതങ്ങളിൽ ‘മെസെന്റെ നാഥനായ ഹോറസ്’എന്ന ദൈവീക സങ്കൽപ്പത്തെക്കുറിച്ചും, ഹോറസിന്റെ ഒരു പ്രതിമ പുനരുദ്ധരിച്ചതിനെക്കുറിച്ചും വ്യക്തമായി പരാമർശിക്കുന്നുണ്ട്.
Also Read: 600 കി.മീ വരെ പ്രഹരശേഷി, S-400നേക്കാൾ മികച്ച ആയുധമുണ്ടോ ? ഉണ്ട് ..!
ഈജിപ്തിന്റെ കിഴക്കൻ അതിർത്തികളെയും നൈൽ ഡെൽറ്റയെയും ബന്ധിപ്പിച്ചിരുന്ന തന്ത്രപ്രധാനമായ ‘ഹോറസ് മിലിട്ടറി റോഡ്’ എന്ന പാതയോരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ഈ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക-മത കേന്ദ്രങ്ങളിലൊന്നായിരുന്നു മെസെൻ നഗരമെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എന്നാൽ ഈ നഗരം എവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ സമാനമായ ചില ശിലകൾ ലഭിച്ചിട്ടുണ്ടെങ്കിലും, പുതിയതായി കണ്ടെത്തിയ ഈ ശിലാവശിഷ്ടം ഈ വാദത്തിന് കൂടുതൽ ശക്തമായ തെളിവുകളാണ് നൽകുന്നത്.
ഈ പ്രദേശത്ത് നടത്തിയ തുടർന്നുള്ള പരിശോധനകളിൽ വലിയ മൺചുമരുകൾ, റോഡുകൾ, ക്ഷേത്രാവശിഷ്ടങ്ങൾ, വിവിധ കാലഘട്ടങ്ങളിലെ നിർമ്മിതികൾ എന്നിവയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ടോളമി ഭരണകാലത്തെ ക്ഷേത്രമായിരുന്ന ഈ പ്രദേശം പിന്നീട് റോമൻ കാലഘട്ടത്തിൽ സൈനിക ബാറക്കുകളായും മാറിമറിഞ്ഞതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എങ്കിലും, ടെൽ അബു സൈഫി തന്നെയാണ് യഥാർത്ഥ മെസെൻ നഗരമെന്ന് പൂർണ്ണമായി സ്ഥിരീകരിക്കുന്നതിനായി കൂടുതൽ ശാസ്ത്രീയ പഠനങ്ങളും ഖനനങ്ങളും പുരോഗമിക്കുകയാണെന്ന് ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
The post 3000 വർഷം പഴക്കമുള്ള ശില്പശേഖരം തുറന്നിടുന്നത് നഷ്ടപ്പെട്ടുപോയ ഈജിപ്ഷ്യൻ നഗരത്തിന്റെ രഹസ്യം! appeared first on Express Kerala.




