ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന ശുപാർശ; യുഎസ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ | USCIRF RSS sanctions

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന ശുപാർശ; യുഎസ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ | USCIRF RSS sanctions

RSS

ന്യൂഡൽഹി: ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് സർക്കാരിനോട് ശുപാർശ ചെയ്ത യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. USCIRF-ന്റെ പരാമർശങ്ങൾ അപകീർത്തികരവും പ്രകോപനപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു. (USCIRF RSS sanctions)

USCIRF പക്ഷപാതപരമായ നിലപാടുള്ള സംഘടനയാണെന്നും സ്വന്തം അജണ്ടകൾക്കനുസരിച്ചാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ജയ്‌സ്‌വാൾ ആരോപിച്ചു. ഇന്ത്യയുടെ ബഹുസ്വരമായ സാമൂഹിക ഘടനയും വിവിധ വിഭാഗങ്ങൾക്കിടയിലെ സൗഹാർദ്ദപരമായ ബന്ധങ്ങളും ഉൾക്കൊള്ളാൻ USCIRF തയ്യാറാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനയുടെ നിലപാടുകളിൽനിന്ന് ഇന്ത്യ അകലം പാലിക്കുമെന്നും വ്യക്തമാക്കി.

USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് നേരത്തെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ‘യൂണിവേഴ്‌സൽ വൺനസ് സെലിബ്രേഷൻസിൽ’ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത്. ആർഎസ്എസ് നേതാക്കൾക്ക് നയതന്ത്രപരമായ ആദരവുകൾ നൽകരുതെന്നും ആസിഫ് മഹ്‌മൂദ് ആവശ്യപ്പെട്ടിരുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുമായി ആർഎസ്എസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങൾക്ക് ബന്ധമുണ്ടെന്നാണ് USCIRF-ന്റെ ആരോപണം. ആർഎസ്എസ് നേതാക്കൾ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടവരാണെങ്കിലും അവർക്ക് ഉന്നതതല കൂടിക്കാഴ്ചകളോ നയതന്ത്ര പരിഗണനകളോ നൽകരുതെന്ന് USCIRF കമ്മിഷണർ ജീൻ മിൽസും എക്‌സിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് അംഗമാണെന്ന ആസിഫ് മഹ്‌മൂദിന്റെ പരാമർശവും മിൽസ് ചൂണ്ടിക്കാട്ടി.

അമേരിക്കൻ ഫെഡറൽ സർക്കാരിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് USCIRF. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കോൺഗ്രസ് എന്നിവർക്ക് നയപരമായ ശുപാർശകൾ നൽകുകയും അവ നടപ്പാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സംഘടനയുടെ ചുമതല. നേരത്തെ ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും USCIRF വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി പ്രഖ്യാപിക്കണമെന്നായിരുന്നു മാർച്ചിൽ പുറത്തുവന്ന വാർഷിക റിപ്പോർട്ടിലെ ശുപാർശ.

Summary: India has strongly rejected the USCIRF recommendation to impose sanctions on the RSS, calling the remarks defamatory and provocative. The dispute comes amid criticism from the US religious freedom commission over alleged attacks on religious minorities in India.

See also  ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖലയൊരുക്കാൻ ദുബായ്; അൽ മക്തൂം വിമാനത്താവളത്തിൽ വൻ വികസനം
Spread the love
Scroll to Top