സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാറിലേക്ക് ഇറാനെയും ക്ഷണിച്ചതായി വെളിപ്പെടുത്തൽ. ഫെബ്രുവരി മുതൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനെ സഖ്യത്തിന്റെ ഭാഗമാകാൻ ക്ഷണിച്ചെന്നാണ് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിഷയം ഇറാൻ ഗൗരവമായി പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ക്ഷണം ആരാണ് അയച്ചതെന്നോ എപ്പോഴാണ് ലഭിച്ചതെന്നോ റഹീമി വ്യക്തമാക്കിയിട്ടില്ല. കരാറിലെ മൂന്ന് സ്ഥാപക രാജ്യങ്ങളും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടുമില്ല.
ഇറാനും ഇറാന്റെ പ്രോക്‌സികളും സൗദിയെ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം. അമേരിക്കയുമായുള്ള നിലവിലെ യുദ്ധത്തിനിടെ ഇറാനും സഖ്യകക്ഷികളും സൗദിയുടെ ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൗദിയുടെ വ്യോമപരിധിയിൽ പ്രവേശിച്ചെങ്കിലും പ്രധാന ലക്ഷ്യം അവിടെയുള്ള അമേരിക്കൻ കേന്ദ്രങ്ങളായിരുന്നു. മക്ക കരാർ രൂപീകരിക്കുമ്പോൾ സൗദിക്ക് ഇറാനിൽ നിന്നുള്ള സുരക്ഷ, പാകിസ്താന് ഇന്ത്യയിൽ നിന്നുള്ള സുരക്ഷാ ഉറപ്പ്, തുർക്കിക്ക് ഇസ്രയേലിനെതിരായ ബദൽ എന്നിങ്ങനെയായിരുന്നു കരാറിന്റെ പ്രധാന സുരക്ഷാ പശ്ചാത്തലം. അതുകൊണ്ടുതന്നെ സൗദിക്ക് ഭീഷണിയായിരുന്ന ഇറാനെ തന്നെ സഖ്യത്തിലേക്ക് കൊണ്ടുവരുന്നത് വലിയ തന്ത്രപരമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ ചേർന്നാൽ കരാർ ഇറാനെതിരായ പ്രതിരോധ സഖ്യം എന്നതിൽ നിന്ന് വിശാലമായ പ്രാദേശിക സുരക്ഷാ വേദിയായി മാറും.
ALSO READ;വിശ്വസിക്കുന്നതെല്ലാം ശരികളാവില്ല..! ഈജിപ്തല്ല’, ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഇതാണ്…
മേഖലയിൽ നേരത്തെ ഈജിപ്തും സഖ്യത്തിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ക്ഷണം ലഭിച്ചതായുള്ള പ്രതികരണം വന്നിരിക്കുന്നത്. ഏറെക്കാലം പരസ്പരം അകന്നുനിന്ന സൗദിയും ഇറാനും 2023ലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇപ്പോഴത്തെ പ്രതികരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സ്വാധീനത്തിലും വലിയ മാറ്റത്തിന് വഴിയൊരുങ്ങിയേക്കും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ഓഗസ്റ്റ് 7ന് മക്കയിൽ ഒപ്പുവച്ചതാണ് പ്രതിരോധ കരാർ. ഒരു അംഗരാജ്യത്തിന് നേരെയുള്ള സായുധ ആക്രമണം എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് പ്രധാന വ്യവസ്ഥ. അതുകൊണ്ട് തന്നെ കരാറിനെ ‘ഇസ്ലാമിക് നാറ്റോ’ എന്നുപോലും വിശേഷിപ്പിക്കുന്നുണ്ട്. കൂട്ടായ പ്രതിരോധം, പ്രതിരോധ വ്യവസായ സഹകരണം, സംയുക്ത സൈനിക അഭ്യാസങ്ങൾ, രഹസ്യാന്വേഷണ വിവര കൈമാറ്റം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സുരക്ഷാ സാങ്കേതികവിദ്യ കൈമാറ്റവും സംയുക്ത ഉത്പാദനവും ലക്ഷ്യമിടുന്നു. എന്നാൽ ആക്രമണമുണ്ടായാൽ മറ്റ് അംഗങ്ങൾ നൽകേണ്ട സൈനിക പിന്തുണയുടെ കൃത്യമായ സ്വഭാവം പരസ്യമായി വ്യക്തമാക്കിയിട്ടില്ല; അത് കൂടിയാലോചനയിലൂടെയാകും തീരുമാനിക്കുക. ഒരു അംഗരാജ്യം മറ്റൊന്നിനെ ആക്രമിക്കുകയോ ആക്രമണത്തിനായി സ്വന്തം ഭൂമി വിട്ടുനൽകുകയോ ചെയ്താൽ സുരക്ഷാ പരിരക്ഷ നഷ്ടപ്പെടുമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ഇറാൻ കൂടി ഇതിന്റെ ഭാഗമാകുകയാണെങ്കിൽ പശ്ചിമേഷ്യൻ സുരക്ഷാ ക്രമീകരണത്തിലും ഊർജ പാതകളുടെ നിയന്ത്രണത്തിലും വലിയ മാറ്റത്തിനും, യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ സ്വാധീനം കുറയുന്നതിനും പ്രാദേശിക രാജ്യങ്ങളുടെ തന്ത്രപരമായ സ്വയംഭരണം ശക്തമാകുന്നതിനും വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.
The post ‘ഇറാനെയും കൂട്ടണോ?’ മക്ക പ്രതിരോധ കരാറിൽ വൻ നീക്കം; ക്ഷണം കിട്ടിയെന്ന് ഇറാൻ ഉദ്യോഗസ്ഥൻ..! appeared first on Express Kerala.




