കെയ്‌റോ: വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ 11 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഈജിപ്തിലെ ദഖഹ്‌ലിയ ഗവർണറേറ്റിലെ മിത് അൻതർ ഗ്രാമത്തെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്. ഫാർമസിസ്റ്റായ യുവതി സ്വന്തം മകനെ കഴുത്തുഞെരിച്ച ശേഷം കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ മൃതദേഹം തുണികൊണ്ട് മൂടി വീട്ടിൽനിന്ന് രക്ഷപ്പെട്ട യുവതിയെ പിന്നീട് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ മൃതദേഹത്തിൽ കഴുത്തുഞെരിച്ചതിന്റെ പാടുകൾക്കൊപ്പം മാരകമായ കുത്തേറ്റ മുറിവുകളും കണ്ടെത്തി. കൊലപാതകത്തിന് ശേഷം മകന്റെ മൃതദേഹം തുണികൊണ്ട് മൂടിയ ശേഷമാണ് യുവതി വീട്ടിൽനിന്ന് കടന്നുകളഞ്ഞത്. പിന്നീട് വീട്ടിലെത്തിയ കുട്ടിയുടെ മുത്തച്ഛനാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്രികയും വീട്ടിൽനിന്ന് കണ്ടെത്തി.
ALSO READ;ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ! ഞെട്ടിച്ച് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല
ഒരു വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് യുവതി ഗുരുതരമായ മാനസിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ പൂർണ വിവരങ്ങളും അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.
സംഭവത്തിന് പിന്നാലെ യുവതിക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തി. വീടിന് സമീപത്തെ റോഡിലൂടെ അസ്വാഭാവികമായി നടന്നുപോകുകയായിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രോസിക്യൂഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ സാഹചര്യങ്ങളും യുവതിയുടെ മാനസികാവസ്ഥയും ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്.
The post 11 വയസ്സുള്ള സ്വന്തം മകനെ കഴുത്തുഞെരിച്ച് കത്രികകൊണ്ട് കുത്തിക്കൊന്നു! മൃതദേഹം തുണിയിൽ പൊതിഞ്ഞ് രക്ഷപ്പെടാൻ ശ്രമം, യുവതി അറസ്റ്റിൽ appeared first on Express Kerala.




