ചെന്നൈ: ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട ചുവന്ന സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾക്കുപിന്നാലെ അന്വേഷണം ചെന്നൈയിലെ വാടകവീട്ടിലെത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുഡുവാഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ വലിയ ബിരിയാണിച്ചെമ്പിൽ മൈദയ്ക്കും പച്ചക്കറികൾക്കും അടിയിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തി. എന്നാൽ തലഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒഡീഷ സ്വദേശിയായ ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചെന്നൈയിൽനിന്ന് ഡൽഹിയിലേക്ക് പോയ തമിഴ്നാട് എക്സ്പ്രസ് ആഗ്രയിലെത്തിയപ്പോഴാണ് ജനറൽ കോച്ചിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ചുവന്ന സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെട്ടത്. യാത്രയ്ക്കിടെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പരാതി നൽകുകയായിരുന്നു. റെയിൽവേ പോലീസ് പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ തലയില്ലാത്ത, വെട്ടിനുറുക്കിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സ്യൂട്ട്കേസ് ട്രെയിനിൽ വെച്ചത് ആരാണെന്ന് ആദ്യം വ്യക്തമല്ലായിരുന്നെങ്കിലും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. ഒരു പുരുഷനും സ്ത്രീയും ചേർന്ന് സ്യൂട്ട്കേസ് ട്രെയിനിൽ വെച്ച് മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. സ്യൂട്ട്കേസിനുള്ളിലെ കവറിൽ ഉണ്ടായിരുന്ന ‘ചെന്നൈ’ എന്ന ലേബലും അന്വേഷണത്തിന് സഹായമായി.
ALSO READ;ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ! ഞെട്ടിച്ച് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഗുഡുവാഞ്ചേരിയിലെ വാടകവീട്ടിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ ബിരിയാണിച്ചെമ്പിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കണ്ടെത്തിയത്. തലഭാഗം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നുമാണ് പോലീസിന്റെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിയായ മണിക് ഉദ്ദീൻ ലസ്കർ, ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഇരുവരും ഒഡീഷയിലേക്ക് കടന്നെന്ന നിഗമനത്തിൽ ചെന്നൈ പോലീസിന്റെ പ്രത്യേക സംഘം അവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണോ സാമ്പത്തിക ഇടപാടുകളാണോ എന്നത് പ്രതികളെ പിടികൂടിയാൽ മാത്രമേ വ്യക്തമാകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രെയിനിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിൽനിന്ന് ആരംഭിച്ച അന്വേഷണം ഒടുവിൽ ഗുഡുവാഞ്ചേരിയിലെ വീട്ടിലെത്തിയതോടെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചെങ്കിലും, യുവതിയുടെ തലഭാഗം എവിടെയാണെന്നും കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം എന്താണെന്നും കണ്ടെത്തുകയാണ് ഇനി പോലീസിന് മുന്നിലുള്ള പ്രധാന ദൗത്യം.
The post തലയെവിടെ? ബിരിയാണിച്ചെമ്പിൽ ശരീരഭാഗങ്ങൾ! ട്രെയിനിലെ ചുവന്ന സ്യൂട്ട്കേസ് തുറന്നപ്പോൾ തെളിഞ്ഞ കൊലപാതകത്തിന്റെ ഭീകരത appeared first on Express Kerala.




