
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ലോകകപ്പ് വിജയിച്ച മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റെ മോശമാകുന്ന ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ച് 21 മുൻ ലോക ക്രിക്കറ്റ് ക്യാപ്റ്റൻമാർ (Imran Khan health news). ഇന്ത്യയുടെ കപിൽ ദേവ്, സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ തുടങ്ങിയ പ്രമുഖരടങ്ങിയ സംഘമാണ് കത്തയച്ചത്. 73-കാരനായ ഇമ്രാൻ ഖാന് അടിയന്തര വിദഗ്ധ ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്നും കുടുംബാംഗങ്ങൾക്ക് തടസ്സമില്ലാതെ സന്ദർശനാനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 16 വരെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഓഗസ്റ്റ് 18-ലെ കോടതി ഉത്തരവ് പാകിസ്താൻ അധികൃതർ നടപ്പിലാക്കിയിരുന്നില്ല. വൈദ്യപരിശോധനയ്ക്കായി ഓഗസ്റ്റ് 20-21 തീയതികളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു.
കോടതി നിർദേശിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ പൂർണ്ണമായ പരിശോധന ഉറപ്പാക്കണമെന്നാണ് മുൻ നായകന്മാരുടെ ആവശ്യം. അതേസമയം സർക്കാരും ഉദ്യോഗസ്ഥരും സുപ്രീം കോടതി ഉത്തരവ് പരസ്യമായി ലംഘിച്ചെന്ന് ആരോപിച്ച് ഇമ്രാൻ ഖാന്റെ സഹോദരി ഉസ്മ ഖാൻ ശനിയാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Story Summary:
Twenty-one former international cricket captains, including Kapil Dev and Sunil Gavaskar, wrote a joint letter to Pakistan PM Shehbaz Sharif expressing concern over Imran Khan’s health in jail.




