
സെൻസസ് നടപടികൾക്ക് മുമ്പ് ദേശീയ പൗരത്വ രജിസ്റ്റർ (NRC) പുതുക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിൽ മെരാ പൈബി പ്രവർത്തകരുടെ നേതൃത്വത്തിൽ പന്തംകൊളുത്തി റാലി (Meira Paibi torch rally). ഞായറാഴ്ച രാത്രി ഇംഫാലിലെ ടിഡിം റോഡിലാണ് പ്രതിഷേധം നടന്നത്. കാമ്പെയ്ൻ ഫോർ ജസ്റ്റ് ആൻഡ് ഫെയർ ഡിലിമിറ്റേഷൻ (JFD) സംഘടിപ്പിച്ച റാലി ക്വാകെയ്തൽ നാഗനാപിതോങ്ങിൽ നിന്ന് ആരംഭിച്ച് കനത്ത പൊലീസ് സുരക്ഷയിൽ ടിഡിം റോഡിലൂടെ മുന്നേറി. മായായി ലാംബി, കെയ്ഷാംപത് ട്രാഫിക് ജങ്ഷൻ എന്നിവിടങ്ങളിലൂടെ റാലി കെയ്ഷാംതോങ്ങിലേക്കാണ് നീങ്ങിയത്.
ടിഡിം റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെരാ പൈബി പ്രവർത്തകരും റാലിയിൽ അണിനിരന്നു. ‘എൻ.ആർ.സി ഇല്ലെങ്കിൽ സെൻസസ് ഇല്ല’, ‘ഐ.ഡി.പി പുനരധിവാസമില്ലെങ്കിൽ സെൻസസ് ഇല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധക്കാർ മുന്നേറിയത്. സെൻസസ് നടത്തുന്നതിന് മുമ്പ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിൽ ആദ്യം ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ പൂർത്തിയാക്കണമെന്നും തുടർന്ന് മാത്രമേ സെൻസസ് നടത്താവൂ എന്നുമാണ് ഇവരുടെ നിലപാട്. സംസ്ഥാനത്തെ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യവും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസവും സംബന്ധിച്ച ആശങ്കകളും പ്രതിഷേധക്കാർ ഉന്നയിച്ചു.
ഓഗസ്റ്റ് 20നും ഇംഫാലിൽ JFDയുടെ നേതൃത്വത്തിൽ സമാന പ്രതിഷേധം നടന്നിരുന്നു. ഓഗസ്റ്റ് 16 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാക്കിയ സംഘടനകൾ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്താനും സെൻസസ് നടപടികൾ മാറ്റിവയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും ആഹ്വാനം ചെയ്തിരുന്നു. ഉരിപോക്-കാങ്ചുപ്പ് റോഡ്, ടിഡിം റോഡ്, കോങ്ബ റോഡ്, ഖുറൈ-ലാംലോങ് എന്നിവിടങ്ങളിലും പന്തംകൊളുത്തിയ റാലികൾ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുകയും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നതുവരെ സെൻസസ് നടത്തരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Summary: Meira Paibi activists held a major torch rally in Imphal demanding that the National Register of Citizens (NRC) be updated before the Census. The protesters also called for the resettlement of internally displaced persons before the Census exercise.




