
സംസ്ഥാനത്ത് വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾക്കെതിരെ (മോഡിഫിക്കേഷൻ) പരിശോധനകൾ ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഒരുങ്ങുന്നു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഗതാഗത കമ്മീഷണറേറ്റ് പുതിയ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തുന്ന വാഹനങ്ങളിലെ ഓരോ ലംഘനത്തിനും പ്രത്യേകം പിഴ ചുമത്താനാണ് തീരുമാനം. പിഴയൊടുക്കുന്നതിനൊപ്പം വാഹനങ്ങളുടെ രൂപമാറ്റം പൂർവസ്ഥിതിയിലാക്കി വീണ്ടും പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്. കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ ഇത്തരം വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം സമർപ്പിക്കാൻ എല്ലാ ആർടിഓമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 3-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ റീലുകൾക്കായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനും പ്രത്യേക നിർദ്ദേശമുണ്ട്.
അനുവദനീയമല്ലാത്ത രീതിയിലുള്ള ലൈറ്റുകളും പുകക്കുഴലുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒന്നിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോന്നിനും അയ്യായിരം രൂപ വരെ പിഴ ഈടാക്കും. കൂടുതൽ ലൈറ്റുകളോ അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളോ കളർ ലൈറ്റുകളോ ഘടിപ്പിക്കാൻ പാടില്ല. ഇത്തരം പ്രകാശസംവിധാനങ്ങൾ എതിർദിശയിൽ വരുന്ന വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും വലിയ തോതിൽ കാഴ്ചാപ്രശ്നങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി. കൂടാതെ, അമിത ശബ്ദവും തീയും പുറന്തള്ളുന്ന സൈലൻസറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും പരിശോധന കർശനമാക്കിയിട്ടുണ്ട്.
The post വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ! പരിശോധന കർശനമാക്കി എംവിഡി; ഹൈക്കോടതി ഉത്തരവിന് പിന്നാലെ കടുത്ത നടപടിയിലേക്ക്? appeared first on Express Kerala.




