
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വൻ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് കനത്ത ഇന്റലിജൻസ് വീഴ്ച സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ജൂലൈ 20-ന് യാതൊരു മുൻസൂചനയുമില്ലാതെ അമ്പതിനായിരത്തോളം വിദ്യാർത്ഥികൾ തെരുവിലിറങ്ങി നടത്തിയ പ്രക്ഷോഭവും പാർലമെന്റ് മാർച്ചും മുൻകൂട്ടി അറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇത് സുരക്ഷാ സംവിധാനങ്ങളുടെ വലിയ വീഴ്ചയായി ആഭ്യന്തര വകുപ്പ് വിലയിരുത്തി. സംഭവത്തെത്തുടർന്ന് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഇനി മുതൽ ഏത് പ്രതിഷേധ സമരങ്ങൾക്ക് മുന്നോടിയായും കൃത്യമായ പത്ത് നിർണായക വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം നിർബന്ധമായും ശേഖരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പൊലീസ് സ്വീകരിച്ച ചില നടപടികൾ വലിയ രീതിയിൽ ദേശീയതലത്തിൽത്തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സേനയ്ക്ക് കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്ന മൊബൈൽ ക്യാമറകൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ യാതൊരു കാരണവശാലും പ്രകോപിതരാകരുതെന്നാണ് കമ്മീഷണറുടെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ക്രമസമാധാന പാലനത്തിനിടയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ജാഗ്രതക്കുറവ് ഉണ്ടാകാതിരിക്കാനും സമാനമായ വീഴ്ചകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുമാണ് പോലീസ് തലപ്പത്തുനിന്നും പുതിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
The post ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം! ഡൽഹി പൊലീസിന് ഇന്റലിജൻസ് വീഴ്ചയെന്ന് റിപ്പോർട്ട് appeared first on Express Kerala.




