കേരളത്തിലെ ലിംഗസമത്വത്തെയും സാമൂഹിക മനോഭാവങ്ങളെയും കുറിച്ചുള്ള 2022-ലെ ലോകബാങ്ക് പഠന റിപ്പോർട്ട് വീണ്ടും വാർത്തകളിൽ നിറയുന്നു. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ മനോഭാവങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലെ ചില കണ്ടെത്തലുകൾ തെറ്റായ രീതിയിൽ പ്രചരിച്ചതിനെത്തുടർന്നാണ് സാമ്പത്തിക-സാമൂഹിക വിദഗ്ധർ വിശദീകരണവുമായി രംഗത്തെത്തിയത്. സൗദി പ്രവാസികളാണ് കേരളത്തിലെ സ്ത്രീകൾക്കെതിരെ കൂടുതൽ അതിക്രമങ്ങൾ നടത്തുന്നത് എന്ന രീതിയിൽ ഈ റിപ്പോർട്ടിനെ വ്യാഖ്യാനിക്കരുതെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് 2013-ൽ നടത്തിയ കേരള മൈഗ്രേഷൻ സർവേയെ അടിസ്ഥാനമാക്കിയാണ് 2022 മാർച്ചിൽ ലോകബാങ്ക് പോളിസി റിസർച്ച് വർക്കിങ് പേപ്പർ പ്രസിദ്ധീകരിച്ചത്. 14 ജില്ലകളിലെ 14,575 കുടുംബങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. 13 വർഷം പഴക്കമുള്ള ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഒന്നായതിനാൽ, നിലവിലെ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങൾക്ക് ഇത് എത്രത്തോളം ബാധകമാണെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധരും സാമൂഹിക നിരീക്ഷകരും ശക്തമായ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നേരത്തെ ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കോൺഗ്രസ് എംപി ശശി തരൂർ പങ്കുവെച്ച കുറിപ്പും ചർച്ചയായിരുന്നു. കേരളത്തിന്റെ പുരോഗമന പാരമ്പര്യത്തിന് വിരുദ്ധമായി വിദേശങ്ങളിൽ നിന്ന് യാഥാസ്ഥിതിക മനോഭാവങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മുസ്ലിം സമുദായത്തിനുള്ളിൽ ആത്മപരിശോധന വേണമെന്നും ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, പഠനം പഴയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വിദഗ്ധരുടെ ചൂണ്ടിക്കാണിക്കലുകൾക്ക് പിന്നാലെ, വിമർശനങ്ങളെ സ്വാഗതം ചെയ്ത തരൂർ ഇവ ഒരു ‘ആവശ്യമായ തിരുത്തൽ’ ആണെന്ന് അംഗീകരിക്കുകയും ചെയ്തു.
Also Read; ‘എല്ലാം ഞാനെന്ന ഭാവം കമ്യൂണിസ്റ്റിന് യോജിച്ചതല്ല’! പിണറായിക്കെതിരെ കടുത്ത ആഞ്ഞടിയുമായി സിപിഐ
പഠനത്തിന്റെ കണ്ടെത്തലുകളെ കേരളത്തിന്റെ വിശാലമായ സാമൂഹിക പശ്ചാത്തലത്തിൽ വേണം വിലയിരുത്താനെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ ഇരുദയ രാജൻ വ്യക്തമാക്കി. സൗദി പ്രവാസികൾ മാത്രമാണ് അതിക്രമങ്ങൾക്ക് കാരണമെന്ന് ഇതിനർത്ഥമില്ലെന്നും കഴിഞ്ഞ പതിറ്റാണ്ടിൽ വലിയ മാറ്റങ്ങൾ സമൂഹത്തിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റിപ്പോർട്ടിലെ വിവരങ്ങളും അടിസ്ഥാന ഡാറ്റയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ പോൾ നൊവോസാഡും, പഴയ ഡാറ്റയായതിനാൽ ഇന്നത്തെ യാഥാർത്ഥ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്ന് പ്രശാന്ത കുമാർ റോയിയും വ്യക്തമാക്കി.
The post സൗദി പ്രവാസികളും ലിംഗസമത്വവും; ലോകബാങ്ക് പഠന റിപ്പോർട്ടിൽ വിശദീകരണവുമായി വിദഗ്ധർ! പ്രതികരിച്ച് ശശി തരൂർ appeared first on Express Kerala.




