വിജയ് മിന്നിച്ചു, നിറം മങ്ങി സതീശൻ, 100ദിനത്തിൽ കേരള-തമിഴ്നാട് സർക്കാറുകൾ ചെയ്തത്…

വിജയ് മിന്നിച്ചു, നിറം മങ്ങി സതീശൻ, 100ദിനത്തിൽ കേരള-തമിഴ്നാട് സർക്കാറുകൾ ചെയ്തത്…

100 ദിവസം പിന്നിട്ട തമിഴ്നാട്ടിലെ ടിവികെ സർക്കാർ, വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കിയും അഴിമതിയെ തുടച്ച് നീക്കിയും ജനങ്ങളുടെ കയ്യടി നേടി മുന്നോട്ട് പോകുമ്പോൾ, കേരളത്തിലെ വിഡി സതീശൻ സർക്കാർ വൻ പരാജയമായാണ് മാറിയിരിക്കുന്നത്. എന്തിനേറെ, സ്വന്തം മുന്നണിക്കും പാർട്ടിക്കും പോലും വേണ്ടാത്ത മുഖ്യമന്ത്രിയായി ഈ നൂറ് ദിനങ്ങൾ കൊണ്ട് വിഡി സതീശൻ മാറി കഴിഞ്ഞിട്ടുണ്ട്. ഇതെന്ത് സർക്കാർ ? ഇങ്ങനെയാണോ ഒരു മുഖ്യമന്ത്രി പെരുമാറേണ്ടത് എന്ന ചോദ്യം പൊതു സമൂഹത്തിലും വ്യാപകമാണ്.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിലും യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ച മാധ്യമങ്ങൾക്ക് പോലും സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ പ്രതികരിക്കേണ്ട അസാധാരണമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്.

ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കുന്ന പദ്ധതി നിർത്തിയതും, പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകളെ അപമാനിച്ചു കൊണ്ട് വകുപ്പ് മന്ത്രി തന്നെ പ്രതികരിച്ചതും വിഡി സർക്കാറിൻ്റെ പ്രതിച്ഛായക്ക് ഏറ്റ വലിയ പ്രഹരമാണ്.

കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി മാറ്റിവച്ച ബസുകളിൽ പലതും പണം നൽകി പോകുന്ന കാറ്റഗറിയിലേക്ക് മാറ്റി യുഡിഎഫ് സർക്കാർ സ്ത്രീകളോട് വഞ്ചന കാട്ടുമ്പോൾ, തമിഴ്നാട്ടിൽ കൂടുതൽ ബസുകളിൽ സ്ത്രീ – സൗജന്യ യാത്ര പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി വിജയ് മാതൃകയാകുന്നത്. ഓർഡിനറി ബസുകൾക്ക് പുറമെ,
ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് – ഡീലക്സ് ബസുകളിൽ പോലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാണ് ഈ നൂറ് ദിനം തമിഴ്നാട് സർക്കാർ ആഘോഷിക്കുന്നത്.

അതുപോലെ തന്നെ തമിഴ്‌നാട്ടിൽ ഗാർഹിക ഉപഭോക്താക്കൾക്ക് രണ്ടുമാസത്തിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകി തുടങ്ങിയപ്പോൾ, പവർ കട്ട് കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുന്ന ഒരു കാലം നൽകിയതും നമ്മുടെ വിഡി സർക്കാറിൻ്റെ 100 ദിനത്തിൻ്റെ സംഭാവനയാണ്. ‘വൈദ്യുതി വകുപ്പ്’ തന്നെ ഒരു കുരിശാണെന്ന് തുറന്ന് പറഞ്ഞത് കെപിസിസി പ്രസിഡൻ്റ് കൂടിയായ വകുപ്പ് മന്ത്രിയാണ് എന്നതും നമ്മൾ മറന്നു പോകരുത്. ഇരുണ്ടകാലം വരുമെന്ന് ഇടതുപക്ഷം പറഞ്ഞതാണ്, വൈദ്യതി വകുപ്പ് നടപ്പാക്കിയത്. ഇപ്പോൾ അപ്രതീക്ഷിതമായി മഴ ലഭിച്ചത് കൊണ്ട് മാത്രമാണ് പവർകട്ട് ഇല്ലാതിരിക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്.

PM ശ്രീ പദ്ധതി അറബിക്കടലിൽ എന്നു പറഞ്ഞവർ അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും ഈ നൂറ് നാളിനുള്ളിൽ തന്നെയാണ്. മുസ്ലിംലീഗിനുള്ളിൽ തന്നെ ഇതുസംബന്ധമായി ഭിന്നത പൊട്ടി പുറപ്പെട്ട സാഹചര്യവും നിലവിലുണ്ട്. ഈ പദ്ധതി ഇനി സർക്കാർ നടപ്പാക്കുമോ എന്നത് കണ്ട് തന്നെ അറിയണം.

അതേസമയം തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഉറച്ച നിലപാടുണ്ട്. എത്ര കോടി തരാമെന്ന് പറഞ്ഞാലും ആർഎസ്എസ് ബുദ്ധിയിൽ പിറന്ന പിഎംശ്രീ പദ്ധതി നടപ്പാക്കില്ലന്നാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാഹന മോഡിഫിക്കേഷൻ നടത്താമെന്ന് വാഹന പ്രേമികൾക്കും യുവാക്കൾക്കും ഉറപ്പ് നൽകി അധികാരത്തിലേറിയ വിഡി സതീശൻ സർക്കാർ, ഇപ്പോൾ തെരുവിൽ, നിരത്തി ഫൈൻ അടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതും മറ്റൊരു വഞ്ചനയാണ്.

വന്ദേമാതരത്തിൻ്റെ കാര്യത്തിൽ കോൺഗ്രസ്സ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രണ്ട് നയം നടപ്പാക്കുമ്പോൾ, തമിഴ് തായ് വാഴ്ത്തു ആദ്യം പാടണമെന്ന നയമാണ് തമിഴ്നാട് സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

ഓപ്പറേഷൻ തൂഫാനിലൂടെ ആഭ്യന്തര വകുപ്പിന് ഇമേജ് സൃഷ്ടിക്കാൻ വകുപ്പ് മന്ത്രി ശ്രമിച്ചെങ്കിലും, പാലത്തായി കേസിൽ പ്രോസിക്യൂഷൻ്റെ ദുർബല നിലപാടിൻ്റെ ഭാഗമായി പ്രതിക്ക് ജാമ്യം ലഭിച്ചത് ആഭ്യന്തര വകുപ്പിനും സർക്കാറിനും വൻ തിരിച്ചടിയായി മാറിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെ തന്നെ ‘തൂഫാനാക്കുന്ന’ നടപടിയായാണ് ഈ വിവാദം ഇപ്പോൾ മാറിയിരിക്കുന്നത്.

വിവിധ വിഷയങ്ങളിൽ പൊലിസിനെ ഹൈക്കോടതി എടുത്തിട്ട് കുടഞ്ഞതും, വിഡി സർക്കാറിൻ്റെ ഈ നൂറ് ദിനത്തിൽ തന്നെയാണ്. പാലത്തായി കേസിൽ പ്രതിക്ക് അനുകൂലമായ നിലപാട്, അന്വേഷണ ഘട്ടത്തിൽ സ്വീകരിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ഡിജിപിയായി പ്രമോട്ട് ചെയ്തതും ഇതേ വിഡി സതീശൻ സർക്കാറാണ്.

See also  കർഷക പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി; പാരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Parandur Airport Project Cancelled

രണ്ട് വിജിലൻസ് അന്വേഷണ ഹർജികളിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ, സർക്കാരിനോട് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിരിക്കെയാണ്, അർദ്ധരാത്രിയിൽ ധൃതിപ്പെട്ട് വിവാദ ADGPയെ DGPയായി സർക്കാർ പ്രമോട്ട് ചെയ്തിരുന്നത്. സ്‌ക്രീനിങ് കമ്മിറ്റി കൂടാതെയും, വിജിലൻസ് ക്ലിയറൻസ് വാങ്ങാതെയും നടന്ന ഈ ഉദ്യോഗകയറ്റവും നിലവിൽ ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഹൈക്കോടതി തന്നെ ഇതുസംബന്ധിച്ച ചോദ്യങ്ങൾ വാക്കാൽ ചോദിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. മോശം പ്രതിച്ഛായ ഉള്ളവരെ ഏതറ്റം വരെ പോയും സംരക്ഷിക്കുമെന്ന നിലപാടാണ് സർക്കാർ ഇതുവഴി ചെയ്യുന്നത്.

തമിഴ്‌നാട്ടിലാകട്ടെ, വിജയ് സർക്കാർ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുന്ന കാഴ്ച നാം കാണുമ്പോഴാണ് കേരളത്തിൽ അത്തരക്കാരെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മാറോടണയ്ക്കുന്നത്.

ഒരു കൗൺസിലറുടെ മാത്രം ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയെ വീഴ്ത്താൻ കിട്ടിയ അവസരം പാഴാക്കി ബിജെപി കൗൺസിലർ സുഗതന് ജയിലിൽ കിടന്ന് തന്നെ സത്യപ്രതിജഞ്ഞ ചെയ്യാൻ അവസരം ഒരുക്കി നൽകിയതും യുഡിഎഫ് സർക്കാറാണ്. ഇങ്ങനെ മൊത്തത്തിൽ ഒരു വലിയ പരാജയമായി യുഡിഎഫ് സർക്കാർ മാറുമ്പോൾ, വൻ പ്രതീക്ഷ നൽകിയും, വാഗ്ദാനങ്ങൾ നൽകിയുമാണ് തമിഴ്‌നാട്ടിലെ ടിവികെ സർക്കാർ മുന്നോട്ട് പോകുന്നത്.

സ്ത്രീ സുരക്ഷയും മയക്കുമരുന്ന് ദുരുപയോഗവും തടയാനായി പ്രത്യേക സംവിധാനം തന്നെ തമിഴ്നാട്ടിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സിങ്കപ്പെൺ’ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചത് വലിയ ചുവട് വയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

“മയക്കുമരുന്ന് രഹിത തമിഴ്‌നാട്” എന്ന പദ്ധതിയുടെ ഭാഗമായി 65 മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകളും തമിഴ്നാട് സർക്കാർ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവയ്ക്ക് സമീപമുള്ള 717 ടാസ്മാക് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതും ജനപ്രീതി പിടിച്ചു പറ്റിയ നടപടിയാണ്.

വെട്രി നൈപുണ്യ പരിശീലന പദ്ധതിയിലൂടെ 12 ലക്ഷം വിദ്യാർത്ഥികൾക്കും ഒരു ലക്ഷം യുവാക്കൾക്കുമാണ് വിജയ് സർക്കാർ പരിശീലനം ആരംഭിച്ചിരിക്കുന്നത്.
കൂടാതെ, 15,414 സ്കൂളുകളിലായി 6 മുതൽ 8 വരെ ക്ലാസുകളിലെ 15.14 ലക്ഷം വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനം ലഭിക്കുന്ന തരത്തിൽ ‘പെരുന്തലൈവർ കാമരാജർ’ പ്രഭാതഭക്ഷണ പദ്ധതിയും വിപുലീകരിച്ചിട്ടുണ്ട്. ഇതിനു മാത്രമായി ബജറ്റിൽ 710 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്.

സർക്കാർ സ്‌കൂളുകളിലെയും അൺഎയ്ഡഡ് സ്കൂളുകളിലെയും 11-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹെൽമെറ്റും വാട്ടർ ബോട്ടിലുകളും ഉള്ള സൈക്കിളുകൾക്ക് പുറമേ, 2,000 കോടി രൂപ വകയിരുത്തിയ വെട്രി ലാപ്‌ടോപ്പ് പദ്ധതി പ്രകാരം കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ടിവികെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികൾ ഇതിനകം തുടങ്ങി കഴിഞ്ഞു എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം.

യോഗ്യരായ വനിതാ ഗാർഹികനാഥമാർക്കുള്ള 1,000 രൂപ പ്രതിമാസ ‘മഹലിർ ഉരിമൈ’ സഹായത്തിൻ്റെ തുടർച്ച നിലനിർത്തി, 2,500 രൂപയായി അത് ഇതിനകം തന്നെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

കൂടാതെ തായ്മാമൻ തങ്ക മോതിരം പദ്ധതി പ്രകാരം, തമിഴ്‌നാട്ടിൽ സ്ഥിരമായി താമസിക്കുന്ന കുടുംബങ്ങളിലെ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ നവജാത ശിശുവിനും ഒരു ഗ്രാം സ്വർണ്ണ മോതിരമാണ് നൽകുന്നത്. ഈ പദ്ധതിക്കും തുടക്കമിട്ടു കഴിഞ്ഞു. കേരളത്തിലെ കല്യാൺ ജ്വല്ലേഴ്സും , ജോയ് ആലുക്കാസ് ജ്വല്ലറിയുമാണ് ഈ കരാർ ഏറ്റെടുത്തിരിക്കുന്നത്.

സ്ത്രീകൾക്ക്, ‘അന്നൻസ് സീർ’ പദ്ധതി പ്രകാരം യോഗ്യരായ വധുക്കൾക്ക് അവരുടെ വിവാഹ സമയത്ത് എട്ട് ഗ്രാം സ്വർണ്ണ നാണയവും ഒരു പട്ടുസാരിയും നൽകുവാനും വിജയ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ, ശരവേഗത്തിൽ പദ്ധതികൾ നടപ്പാക്കി തുടങ്ങുമ്പോൾ , കേരളത്തിൽ… തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ പോലും പാലിക്കാതെ, ജനവിരുദ്ധ സർക്കാറായാണ് ഈ നൂറ് ദിവസം കൊണ്ട് വിഡി സതീശൻ സർക്കാർ മാറിയിരിക്കുന്നത്. അതെന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല.

See also  ഒളിക്യാമറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

EXPRESS VIEW

വീഡിയോ കാണാം…

The post വിജയ് മിന്നിച്ചു, നിറം മങ്ങി സതീശൻ, 100ദിനത്തിൽ കേരള-തമിഴ്നാട് സർക്കാറുകൾ ചെയ്തത്… appeared first on Express Kerala.

Spread the love
Scroll to Top