തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് 100 ദിവസം തികയുമ്പോൾ മന്ത്രിസഭയിലെ രണ്ട് പ്രധാന വകുപ്പുകൾ തമ്മിലുള്ള ഭിന്നതയും ചർച്ചയാകുന്നു. ഭരണം മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങുന്നുവെന്നും മന്ത്രിമാർക്കിടയിൽ ടീം വർക്ക് ഇല്ലെന്നുമുള്ള പരാതികൾക്കിടെയാണ് ഉന്നതവിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾ തമ്മിലുള്ള തർക്കം പുറത്തുവരുന്നത്. പ്രൊഫഷണൽ കോഴ്‌സ് പ്രവേശനവും ഫീസ് നിർണയവും സംബന്ധിച്ച മേൽനോട്ട സമിതിയുടെ അധ്യക്ഷനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയമിച്ചതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.
ആരോഗ്യവകുപ്പുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് നിയമനം നടത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതാണ് ആരോഗ്യമന്ത്രി കെ. മുരളീധരനെ ചൊടിപ്പിച്ചത്. നിയമനം റദ്ദാക്കാൻ തയ്യാറായില്ലെങ്കിൽ ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ നിയമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. മേൽനോട്ട സമിതി അധ്യക്ഷന്റെ നിയമനത്തിലുണ്ടായ കാലതാമസം സ്വാശ്രയ മെഡിക്കൽ പ്രവേശനത്തെയും ഫീസ് നിർണയവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി നടത്തേണ്ട ചർച്ചകളെയും സാരമായി ബാധിച്ചിരുന്നുവെന്നാണ് വിവരം.
ALSO READ;‘നിവർത്തിയില്ലാതെ’ കൈക്കൂലി നൽകിയെന്ന് മന്ത്രി..! തമിഴ്നാട് നിയമസഭയിൽ ആരോപണം, മറുപടിയുമായി മുൻ ഡിഎംകെ മന്ത്രി
അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നാണ് മന്ത്രി കെ. മുരളീധരന്റെ നിലപാട്. സമിതി നിയമനത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ചർച്ചയിലൂടെ അവ പരിഹരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നിരിക്കെ അതിൽ കൂടുതൽ ഫീസ് ഈടാക്കുന്ന മാനേജ്‌മെന്റുകളുടെ കാര്യത്തിൽ പ്രത്യേക താൽപര്യം എടുക്കേണ്ടതില്ലെന്നും, വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ചിന്തിച്ചായിരിക്കും ഇനി നടപടികളെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനിടെ, ലോകായുക്ത, ഉപലോകായുക്ത പദവികൾ വഹിച്ചവർക്ക് പിന്നീട് സർക്കാരിന് കീഴിൽ പുനർനിയമനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്റെ നിയമനം നടന്നതെന്ന ആക്ഷേപവും ശക്തമാകുന്നു. സർക്കാർ 100 ദിവസം പൂർത്തിയാക്കുന്ന ഘട്ടത്തിൽ തന്നെ രണ്ട് വകുപ്പുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായത് മുന്നണിക്കുള്ളിലെ ഏകോപനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വഴിവെക്കുകയാണ്.
The post ‘തല്ല്’ പരസ്യമായി, അകം ചീഞ്ഞോ..! 100-ാം ദിവസം തന്നെ ‘ടീം UDF’ പാളിയോ? ഉന്നതവിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾ നേർക്കുനേർ appeared first on Express Kerala.




