
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് തകർപ്പൻ വിജയം (Kerala Cricket League KCL). മൊഹമ്മദ് അസറുദ്ദീൻ നേടിയ മിന്നൽ സെഞ്ചുറിയുടെ കരുത്തിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം മറികടന്നു. 53 പന്തിൽ 93 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഇന്നിങ്സാണ് കൊല്ലത്തിന് അനായാസ ജയമൊരുക്കിയത്. വത്സൽ തന്നെയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
സ്കോർ ചുരുക്കത്തിൽ:
ആലപ്പി റിപ്പിൾസ്: 20 ഓവറിൽ 186/3 (മൊഹമ്മദ് അസറുദ്ദീൻ 100*, സച്ചിൻ ബേബി 40; എം.ഡി. നിധീഷ് 1/24)
ഏരീസ് കൊല്ലം സെയിലേഴ്‌സ്: 17.4 ഓവറിൽ 187/4 (വത്സൽ ഗോവിന്ദ് 93, അഭിഷേക് നായർ 52; അജിനാസ് 2/32)
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പിയ്ക്കായി വിട്ടുകൊടുക്കാതെയുള്ള ബോളിങ് പ്രകടനമാണ് എം.ഡി. നിധീഷിന്റെ നേതൃത്വത്തിൽ കൊല്ലം തുടക്കത്തിൽ കാഴ്ചവെച്ചത്. പവർപ്ലേയിൽ ഒരു വിക്കറ്റിന് 26 റൺസ് എന്ന നിലയിലായിരുന്ന ആലപ്പിയെ അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് കരകയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് സ്കോർ ഉയർത്തി. സച്ചിൻ ബേബി 40 റൺസെടുത്ത് പുറത്തായെങ്കിലും 51 പന്തിൽ 6 ഫോറും 7 സിക്സുമടക്കം 100 റൺസുമായി അസറുദ്ദീൻ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ അരുൺ പൗലോസിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ അഭിഷേക് നായരും (52) വത്സൽ ഗോവിന്ദും ചേർന്നുള്ള 96 റൺസിന്റെ കൂട്ടുകെട്ട് കൊല്ലത്തിന്റെ ചേസിംഗ് സുഗമമാക്കി. വത്സൽ 93 റൺസെടുത്ത് വിജയത്തിനരികെ പുറത്തായെങ്കിലും അർജുൻ വേണുഗോപാൽ തുടരെ ഫോറുകൾ പായിച്ച് 17.4 ഓവറിൽ കൊല്ലത്തെ വിജയതീരത്തെത്തിച്ചു.
Story Summary:
Aries Kollam Sailors defeated Alleppey Ripples by 6 wickets in KCL, successfully chasing down a target of 187 with 14 balls to spare, driven by captain Vathsal Govind’s 93 despite Mohammed Azharuddeen’s century for Alleppey.




