
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ ഉത്തർപ്രദേശ് പൊലീസ് സ്വീകരിക്കുന്ന നടപടികൾക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി (Abhishek Upadhyay). ഗാസിയാബാദ് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉപാധ്യായയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ യാതൊരു തരത്തിലുള്ള കടുത്ത നടപടികളും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു.
നിലവിൽ രജിസ്റ്റർ ചെയ്ത കേസിന് മാത്രമല്ല, ഭാവിയിൽ അഭിഷേക് ഉപാധ്യായക്കെതിരെ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്യാനിടയുള്ള എഫ്ഐആറുകൾക്കും ഈ സംരക്ഷണം ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്ദിരാപുരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഹർജിക്കാരന് അടിയന്തരമായി കൈമാറണമെന്നും കോടതി നിർദേശിച്ചു. എഫ്ഐആർ ലഭിച്ച ശേഷം കേസ് പൂർണമായി റദ്ദാക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും ഉപാധ്യായക്ക് കോടതി അനുമതി നൽകി.
എഫ്ഐആർ പകർപ്പ് കൈമാറിയതുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പൊലീസ് കമ്മീഷണർ സെപ്റ്റംബർ ഏഴിന് നടക്കുന്ന അടുത്ത വാദത്തിനിടെ കോടതിയിൽ പാലന റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 18ന് ഷിപ്ര മാളിന് സമീപം അഭിഷേക് ഉപാധ്യായ സഞ്ചരിച്ചിരുന്ന ബലേനോ കാർ ബൈക്കിൽ ഇടിക്കുകയും തുടർന്ന് ബൈക്ക് യാത്രികനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ആരോപണം. റോഡ് തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ കർശന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എന്നാൽ പൊലീസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയെ അറിയിച്ചത്. മകളെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഷിപ്ര മാളിന് സമീപം ഒരു ബൈക്ക് യാത്രികൻ തന്റെ വാഹനത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയതല്ലാതെ അപകടമോ തർക്കമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മകൾ കാറിലുണ്ടായിരുന്നതിനാൽ സംഭവസ്ഥലത്ത് നിന്ന് താൻ ഉടൻ തന്നെ മടങ്ങുകയായിരുന്നുവെന്നും ഉപാധ്യായ കോടതിയിൽ വാദിച്ചു. പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈക്ക് രജിസ്ട്രേഷൻ നമ്പർ മറ്റൊരു വാഹനത്തിന്റേതാണെന്നും എഫ്ഐആറിലെ ആരോപണങ്ങളിൽ തന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ പ്രതികാര നടപടികളാണ് സ്വീകരിക്കുന്നതെന്ന നിലപാടാണ് ഉപാധ്യായ ഹർജിയിൽ സ്വീകരിച്ചിരിക്കുന്നത്.
Story Summary:
The Supreme Court has granted interim protection to journalist Abhishek Upadhyay against coercive action by Uttar Pradesh Police in a Ghaziabad case. The court also extended the protection to any future FIRs registered against him by the UP Police and directed authorities to provide him with a copy of the FIR.




