മുഖ്യമന്ത്രിയുടെ കാറിൽ കയറിയതുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി നൽകി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി നൽകുന്ന സഹായങ്ങൾ വാങ്ങാൻ മടിയില്ലാത്ത ബിനോയ് വിശ്വം, തന്നെ കാറിൽ കയറ്റില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ‘കൈ കൊടുക്കും കാറിൽ കയറ്റില്ല’ എന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബിനോയ് വിശ്വം തന്റെ പക്കൽ നിന്ന് പണം വാങ്ങിയതായി വെള്ളാപ്പള്ളി വെളിപ്പെടുത്തി. ‘കവർ നൽകിയപ്പോൾ അതിൽ ഒരു ലക്ഷം രൂപ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ മൂന്ന് ലക്ഷം രൂപയാണ് ഞാൻ നൽകിയത്,’ വെള്ളാപ്പള്ളി പറഞ്ഞു. സി.പി.ഐയുടെ മുതിർന്ന നേതാക്കളായ ടി.വി. തോമസ്, പി.കെ.വി, പി.എസ്. ശ്രീനിവാസൻ എന്നിവർ തന്റെ ‘2158’ എന്ന നമ്പറിലുള്ള കാർ എത്രയോ തവണ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സഹായങ്ങൾ സ്വീകരിക്കാൻ മടിയില്ലാത്തവർ കൂടെ ഇരുത്താൻ മടിക്കുന്നത് എന്തിനാണെന്നും, ‘പണം വേണം പക്ഷേ കൂടെ കൂട്ടില്ല’ എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ട’; വി.കെ പ്രശാന്ത് എം.എൽ.എക്കെതിരെ ആർ. ശ്രീലേഖയുടെ വെല്ലുവിളി
പി.എം. ശ്രീ സ്‌കൂൾ വിഷയത്തിൽ സി.പി.ഐ സ്വീകരിച്ച നിലപാടുകൾ എൽ.ഡി.എഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരിനുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചത് സി.പി.ഐ ആണെന്നും അദ്ദേഹം ആരോപിച്ചു.
The post ‘കാശുവാങ്ങും, കാറിൽ കയറ്റില്ല’; ബിനോയ് വിശ്വത്തിന്റേത് രാഷ്ട്രീയ കാപട്യമെന്ന് വെള്ളാപ്പള്ളി appeared first on Express Kerala.



