
തുടർച്ചയായ പരിക്കുകളെ തുടർന്ന് ഓസ്ട്രേലിയൻ യുവതാരം വിൽ പുക്കോസ്കി തന്റെ 27-ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കരിയറിലുടനീളം തലച്ചോറിന് ഏൽക്കേണ്ടി വന്ന 13 തവണത്തെ പരിക്കുകളാണ് താരത്തിന്റെ കരിയറിന് കനത്ത തിരിച്ചടിയായത്. സ്വതന്ത്ര മെഡിക്കൽ പാനലിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് താരം കളി മതിയാക്കാൻ തീരുമാനിച്ചത്. 2021-ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഓസീസ് കുപ്പായത്തിൽ അരങ്ങേറിയ പുക്കോസ്കിയുടെ കരിയർ, തുടർച്ചയായ പരിക്കുകൾ കാരണം വലിയ ചോദ്യചിഹ്നമായി മാറുകയായിരുന്നു.
അതേസമയം, തന്റെ കരിയറിന് ഇത്തരത്തിലുള്ള ദുരന്താവസ്ഥ സമ്മാനിച്ചതിൽ തന്റെ സ്കൂൾ അധികൃതർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് പുക്കോസ്കി. മെൽബണിലെ സ്വകാര്യ സ്കൂളായ ബ്രൈറ്റൻ ഗ്രാമറിനെതിരെയാണ് അദ്ദേഹം കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഫുട്ബോൾ പരിശീലനത്തിനിടെ ബോധരഹിതനായി വീണ അദ്ദേഹത്തോട്, മിനിറ്റുകൾക്കകം വീണ്ടും പരിശീലനം തുടരാൻ കോച്ച് ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ആ സംഭവത്തിനുശേഷമാണ് തന്റെ ആരോഗ്യവും ജീവിതവും പൂർണ്ണമായും മാറിമറിഞ്ഞതെന്ന് പുക്കോസ്കി പറയുന്നു. സ്കൂൾ അധികൃതർ തങ്ങളുടെ കർത്തവ്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും താരം ആരോപിക്കുന്നു.
The post 13 തവണ പരിക്ക്; 27-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് വിൽ പുക്കോസ്കി appeared first on Express Kerala.




