ആലപ്പുഴ: മദ്യം പങ്കുവെക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടൂറിസ്റ്റ് കാർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ജംഷീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരപ്ലാക്കൽ വിചിൻ (28), ആലപ്പുഴ കലവൂർ മണ്ണഞ്ചേരി കണ്ണന്തറവെളിയിൽ അലക്സ് (19), നോർത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടിൽ ദീപക് (33), ചേർത്തല സി.എം.സി. 3 അരയശ്ശേരി വീട്ടിൽ സുജിത്ത് (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30-ഓടെ ആലപ്പുഴയിലെ റിസോർട്ടിന് സമീപമാണ് സംഭവം നടന്നത്. കൊച്ചിയിൽ നിന്നും സഞ്ചാരികളുമായി എത്തിയതായിരുന്നു ജംഷീർ. റിസോർട്ടിലെ പാർക്കിംഗ് ഏരിയയിൽ വെച്ച് മറ്റൊരു ടാക്സി ഡ്രൈവറായ വിചിനുമായി ചേർന്ന് മദ്യപിച്ചു. തനിക്ക് നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞുപോയെന്ന് പറഞ്ഞ് വിചിൻ തർക്കത്തിലേർപ്പെടുകയും, ഇത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു.
Also Read: കീറിമുറിച്ച അഞ്ഞൂറിലധികം സ്ത്രീ ജനനേന്ദ്രിയങ്ങൾ..! ഡോ. ജാവൈദ് പെർവൈസിന്റെ ‘സൈക്കോ ബുദ്ധിയിൽ’ വഞ്ചിക്കപ്പെട്ട യുവതികളുടെ കഥ
ഈ തർക്കത്തിൽ വിചിന്റെ തലയ്ക്ക് പരിക്കേറ്റു. ഇതിന് പ്രതികാരം ചെയ്യാൻ വിചിൻ തന്റെ അളിയനായ ദീപക്കിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു. സംഘം ചേർന്നെത്തിയ പ്രതികൾ ജംഷീറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ടൂറിസ്റ്റ് കാർ അടിച്ചുതകർക്കുകയും ചെയ്തു. കൈയ്ക്കും മുതുകിനും പരിക്കേറ്റ ജംഷീറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് പോലീസ് ഇൻസ്പെക്ടർ വി.ഡി. റജിരാജ് പ്രിൻസിപ്പൽ എസ് ഐ പി ആർ രാജീവ്, എസ് ഐ സി സി സാലി, എ എസ് ഐ മാരായ രതീഷ് ബാബു, എ അൻസ്, സീനിയർ സി പി ഒ മാരായ സജു സത്യൻ, എസ് സജീഷ്, ടി എസ് ബിനു, ഡാരിൽ നെൽസൺ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The post മദ്യം കുറഞ്ഞുപോയെന്ന് തർക്കം; ആലപ്പുഴയിൽ ടൂറിസ്റ്റ് കാർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച നാലംഗ സംഘം പിടിയിൽ appeared first on Express Kerala.



