
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതാണെന്ന സംശയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെത് തന്നെയാണെന്ന് കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് പോയ അദ്ദേഹം അവിടെ കുടുംബത്തോടൊപ്പം കഴിയുകയാണ്. നിലവിൽ ചെറിയ ആരോഗ്യപ്രശ്നങ്ങളുള്ള ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി നേരിട്ട് ഫോണിൽ സംസാരിക്കുകയും, അദ്ദേഹം നാട്ടിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ചില പ്രവാസികളിൽ നിന്നാണ് സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ശേഖരിച്ച പാസ്‌പോർട്ടും രേഖകളും പരിശോധിച്ചപ്പോഴാണ് അത് ദാമോദര മേനോന്റേതാണെന്ന് വ്യക്തമായത്. നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെടാറുള്ള അദ്ദേഹം, ഒരപകടത്തെ തുടർന്ന് ചികിത്സയിലാണെന്ന വിവരവും കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.
The post സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം വടക്കാഞ്ചേരി സ്വദേശിയുടേത്; ദാമോദര മേനോനുമായി ഫോണിൽ സംസാരിച്ചെന്ന് പൊലീസ് appeared first on Express Kerala.




