
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധിയുടെ പുസ്തകമായ ‘ബി ലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ തങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. എഡിറ്റോറിയൽ മാറ്റങ്ങൾ വരുത്താൻ സോണിയ ഗാന്ധി തയ്യാറാകാത്തതിനാലാണ് പ്രസാധകർ പിന്മാറിയതെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെയാണ് കമ്പനിയുടെ ഈ വിശദീകരണം.(Penguin Random House India Not Publishing Sonia Gandhi Memoir Belonging News)
പുസ്തകത്തിൽ എഡിറ്റോറിയൽ മാറ്റങ്ങൾക്ക് നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് പെൻഗ്വിൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾക്ക് താത്പര്യമുണ്ടായിരുന്നുവെന്നും വസ്തുതാ പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് പ്രസാധന രംഗത്തെ സാധാരണ നടപടിക്രമമാണെന്നും കമ്പനി അറിയിച്ചു. സോണിയ ഗാന്ധിയുമായി നടത്തിയ രഹസ്യ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ലെന്നും പെൻഗ്വിൻ വ്യക്തമാക്കി.
പെൻഗ്വിൻ പിന്മാറിയതോടെ ഹാർപ്പർ കോളിൻസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രസാധകർ പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിനുള്ള അവകാശം സ്വന്തമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസിന്റെ തന്നെ പ്രമുഖ അമേരിക്കൻ ബ്രാൻഡായ ആൽഫ്രഡ് എ. നോഫ് വരുന്ന നവംബർ 10-ന് പുസ്തകം ആഗോളതലത്തിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Story Summary
Penguin Random House India clarified that it will not be publishing Sonia Gandhi’s upcoming memoir, ‘Belonging: A Journey of Love’, in India, dismissing rumors that it backed out over unaccepted editorial changes. Meanwhile, international publisher Alfred A. Knopf is set to release the book globally on November 10.




