
ജോഹന്നസ്ബർഗ്: മുൻ ഇന്ത്യൻ ക്രിക്കറ്ററും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളും ട്രാൻസ്‌ജെൻഡർ താരവുമായ അനായ ബംഗാറിന് വനിതാ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മരിസാനെ കാപ്പ്. ഇത്തരം തീരുമാനങ്ങൾ അനുവദിക്കാൻ പാടില്ലെന്നും ഇത് തികച്ചും വിഡ്ഢിത്തമാണെന്നും കാപ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചു.(Marizanne Kapp Criticises Cricket Australia Over Trans Athlete Anaya Bangar Eligibility Pathway)
ഈ വർഷം മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനായയ്ക്ക്, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്രാൻസ്‌ജെൻഡർ നയം അനുസരിച്ചാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ പാതയൊരുങ്ങിയത്. 2027 മാർച്ച് വരെ ഓസ്‌ട്രേലിയയിലെ പ്രാദേശിക ക്ലബ്ബ് ക്രിക്കറ്റുകളിൽ കളിക്കാൻ അനായയ്ക്ക് അനുമതിയുണ്ട്. തുടർന്ന് 2027 മാർച്ച് മാസത്തിൽ നടക്കുന്ന ടെസ്റ്റോസ്റ്റിറോൺ ലെവൽ പരിശോധനയിൽ നിശ്ചിത മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തിയാൽ ഓസ്‌ട്രേലിയയിലെ എലൈറ്റ് ലെവൽ വനിതാ ക്രിക്കറ്റിലും കളിക്കാൻ അനായ യോഗ്യത നേടും.
എന്നാൽ, ഈ തീരുമാനം വനിതാ കായികരംഗത്തെ നീതിപൂർവ്വമായ മത്സരങ്ങളെ ബാധിക്കുമെന്നാണ് മരിസാനെ കാപ്പ് ഉൾപ്പെടെയുള്ളവരുടെ വാദം. അതേസമയം, തനിക്ക് ഒരു ടീമിലും നേരിട്ട് സ്ഥാനം ലഭിച്ചിട്ടില്ലെന്നും ഓസ്‌ട്രേലിയൻ ബോർഡ് നിഷ്കർഷിക്കുന്ന എല്ലാ മെഡിക്കൽ പരിശോധനകൾക്കും താൻ വിധേയയായിട്ടുണ്ടെന്നും മികച്ച പ്രകടനത്തിലൂടെ മാത്രമേ താൻ ടീമിൽ ഇടം നേടാൻ ശ്രമിക്കൂ എന്നും അനായ പ്രതികരിച്ചു.
Story Summary
South African cricketer Marizanne Kapp criticized Cricket Australia’s decision to provide a pathway for transgender athlete Anaya Bangar, daughter of Sanjay Bangar, to enter competitive women’s cricket. While Kapp termed it “ridiculous,” Anaya clarified that she has undergone strict medical evaluations and will still need to earn her place in teams through performance.




