മുസ്ലീങ്ങൾക്ക് എവിടെയാ തറവാടെന്ന് ചോദിച്ചത് വർഗ്ഗീയ വിഷം ചീറ്റുന്നത്, ഡിജിപി ശ്രീജിത്തിന് എതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

മുസ്ലീങ്ങൾക്ക് എവിടെയാ തറവാടെന്ന് ചോദിച്ചത് വർഗ്ഗീയ വിഷം ചീറ്റുന്നത്, ഡിജിപി ശ്രീജിത്തിന് എതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

വിവാദ ഐപിഎസ് ഓഫീസറായ എസ് ശ്രീജിത്തിനോടുള്ള സർക്കാർ സമീപനത്തിൽ കോൺഗ്രസ്സിലുള്ള എതിർപ്പ് മറനീക്കി പുറത്ത്. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പരസ്യ പ്രതികരണത്തിലൂടെയാണ് ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ശ്രീജിത്ത് ഐപിഎസ് നടത്തിയ ഒരു പരാമർശം ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ മുല്ലപ്പള്ളി രൂക്ഷ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. വിമർശനം ശ്രീജിത്തിന് എതിരെ ആണെങ്കിലും അതിപ്പോൾ ചെന്ന് കൊണ്ടിരിക്കുന്നത് ശ്രീജിത്തിനെ ഡിജിപിയായി പ്രമോട്ട് ചെയ്യുകയും, വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ശ്രീജിത്തിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്ത സർക്കാരിനും ആഭ്യന്തര വകുപ്പിനുമാണ്.

സിവിൽ സർവീസിന് പഠിക്കുന്ന കുട്ടികൾക്കായി എടുത്ത ഒരു ക്ലാസിൽ വച്ച് മുൻപ് ശ്രീജിത്ത് , മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരു യുവതിയോട് മുസ്ലിംങ്ങൾക്ക് എവിടെയാണ് തറവാട് എന്ന് ചോദിച്ചതിന് എതിരെയാണ് വർഷങ്ങൾക്ക് ഇപ്പുറം മുല്ലപ്പള്ളി രാമചന്ദ്രൻ ആഞ്ഞടിച്ചിരിക്കുന്നത്. പാലത്തായി കേസിലെ അന്വേഷണത്തിന് മേൽ നോട്ടം വഹിച്ച സമയത്ത് ഇരയായ കുട്ടിക്ക് എതിരായ നിലപാട് അന്ന് ഐജി ആയിരുന്ന ശ്രീജിത്ത് സ്വീകരിച്ചു എന്ന് തുറന്നടിച്ച് മുസ്ലീംലീഗ് നേതാവ് കെ എം ഷാജി ( ഇപ്പോഴത്തെ മന്ത്രി) ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചത് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലായി മാറി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, ശ്രീജിത്തിൻ്റെ തറവാട് വിവാദവും വീണ്ടും കത്തിപ്പടർന്നു കൊണ്ടിരിക്കുന്നത്.

” വർഗീയത ഉയർത്തുന്നതും വിഷം ചീറ്റുന്നതുമായ പ്രസംഗമാണ്, സമനില തെറ്റിയ ഭ്രാന്തനെ പോലെ പ്രതികരിച്ച ശ്രീജിത്തിൽ നിന്നും ഉണ്ടായതെന്നാണ് ” മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നത്. ഈ പരാമർശം നടത്തിയതിന് ഡിജിപി ശ്രീജിത്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി, നമ്മൾ ഇരുണ്ട കാലത്തേക്കാണോ പോകുന്നത് എന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. ഇതോടെ ശ്രീജിത്ത് ‘വിഷയം’ യുഡിഎഫിൽ ചൂടുള്ള ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഒരു ഐപിഎസ് ഓഫീസർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത ഇത്തരം നിലപാട് സ്വീകരിക്കുന്ന ഉദ്ദ്യോഗസ്ഥനെ എന്തിനാണ് വഴിവിട്ട് സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് നേതാക്കൾ ഉയർത്തുന്നത്.

കേരളത്തിലെ പ്രബല സമുദായം നായന്മാരാണ് എന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു എന്നുമാണ് ശ്രീജിത് സിവിൽ സർവ്വീസ് പരിശീലന ക്ലാസിൽ പറഞ്ഞിരുന്നത്. ക്ലാസിൽ പങ്കെടുത്ത മുസ്‌ലിം വിദ്യാർത്ഥിയുടെ പേരു വിളിച്ചാണ്, മുസ്‌ലിംകൾക്ക് എവിടെയാ തറവാട് എന്ന് നായർ വിഭാഗത്തിൽപ്പെട്ട ഈ ഐപിഎസ് ഉദ്ദ്യോഗസ്ഥൻ ചോദിച്ചിരുന്നത്. യു.പി.എസ്.സി കേരള എന്ന അക്കൗണ്ട് യൂട്യൂബിൽ പങ്കുവച്ച ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് ചർച്ച ചെയ്യപ്പെട്ടിരുന്നത് എങ്കിലും, സർക്കാർ ശ്രീജിത്തിനോട് ഒരു വിശദീകരണം പോലും ചോദിച്ചിരുന്നില്ല.

ശ്രീജിത്തിൻ്റെ വിവാദ വാക്കുകൾ…

‘മുസ്‌ലിംകൾക്ക് (പെൺകുട്ടിയുടെ പേരു പറഞ്ഞ്) എന്നാടോ തറവാട് വന്നത് ? ഇസ്‌ലാമല്ലേ? നിനക്ക് എവിടെയാ തറവാട് ? തറവാട് എന്നത് നായർ കൺസപ്റ്റാണ്. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ്. എന്നുവച്ചാൽ ഇല്ലം എന്നും മന എന്നുമാണ് പറയുക. ഇപ്പോൾ ആശാരിമാരും ഈഴവന്മാരും തറവാട് എന്നു പറയും. നിങ്ങൾക്ക് (മുസ്ലിം പെൺകുട്ടിയോട്) ജാതിയില്ല എന്നറിയുമോ? പ്രവാചകന് ജാതി ഉണ്ടായിരുന്നോ? ഇല്ല. പക്ഷേ, ഇവർ എന്തു ചെയ്തു എന്നറിയുമോ? ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകളും സംജ്ഞകളും മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. അങ്ങനെ ലോകത്ത് മെട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാണ്’-

See also  നേപ്പാളിലെ മലമുകളിൽ സംഭവിച്ചത് ബിഹാറിനെ എന്തിന് ഭയപ്പെടുത്തി? ഗന്ധക് നദിയിലേക്ക് പാഞ്ഞെത്തിയ പ്രളയത്തിന്റെ പിന്നിലെ ദുരൂഹത

നായന്മാരുടെ രീതികള്‍ മറ്റു സമുദായങ്ങള്‍ പകര്‍ത്തുന്നതിനെ കുറിച്ച് ശ്രീജിത്ത് പറഞ്ഞതിങ്ങനെ ;

‘മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബൽസായിട്ടാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. അവർ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായന്മാരാണ്. ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസപ്റ്റുണ്ട്, ആന്ത്രപോളജിയും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? അവരുടെ രീതികളാണ് ഇതരസമുദായങ്ങൾ പകർത്തുക.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാണ് ഒരു ഉന്നത ഐപിഎസ് ഓഫീസറുടെ പദവിയിൽ ഇരുന്നുകൊണ്ട് ഐഎഎസും ഐപിഎസും എടുക്കാൻ പരിശീലനം നേടുന്നവരോട് ശ്രീജിത്ത് പറഞ്ഞിരുന്നത്. വൈകിയാണെങ്കിലും അതിനെയാണ് ഇപ്പോൾ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്തിരിക്കുന്നത്.

STAFF REPORTER

The post മുസ്ലീങ്ങൾക്ക് എവിടെയാ തറവാടെന്ന് ചോദിച്ചത് വർഗ്ഗീയ വിഷം ചീറ്റുന്നത്, ഡിജിപി ശ്രീജിത്തിന് എതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി appeared first on Express Kerala.

Spread the love
Scroll to Top