തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തി, പിന്നാലെ മോശം വാക്കുകൾ പറഞ്ഞെന്ന ആരോപണത്തിൽ ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ്. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെന്നാണ് ആരോപണം.
പ്രവർത്തകർ കൈകാണിച്ചതിനെ തുടർന്ന് ചേന്തിയിൽ ഇറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുന്നതിനിടെയാണ് മോശം പെരുമാറ്റമുണ്ടായതെന്നാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മോശം വാക്കുകൾ പറഞ്ഞതായും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അനിലിനെയും സംഘത്തെയും തള്ളിമാറ്റിയതായും പറയുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാത്തതിനെ തുടർന്ന് പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകർ പ്രതിഷേധിക്കുകയും ചെയ്തു.
ALSO READ;പെട്ടു മാഷേ..! വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്; കേസ് എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി
എന്നാൽ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നാണ് ചേന്തി അനിലിന്റെ വിശദീകരണം. അതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സുരക്ഷ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കണമെന്ന ആഗ്രഹം കൊണ്ടാണ് പ്രവർത്തകർ വാഹനം കൈകാണിച്ച് നിർത്തി അദ്ദേഹത്തെ ഇറക്കിയതെന്നും അനിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പെരുമാറ്റം തങ്ങളെ വിഷമിപ്പിച്ചതിനാലാണ് പൊതുസമ്മേളനം ഉപേക്ഷിച്ചതെന്നും ചേന്തി അനിൽ വ്യക്തമാക്കി. സംഭവം വിവാദമായതോടെയാണ് സിറ്റി പോലീസ് കമ്മിഷണർ കേസെടുക്കാൻ നിർദേശം നൽകിയത്. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിപാടി ഒടുവിൽ പ്രതിഷേധത്തിലും കേസിലുമെത്തിയതോടെ സംഭവം രാഷ്ട്രീയമായും ശ്രദ്ധ നേടിയിരിക്കുകയാണ്.
The post മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു, മോശം വാക്കുകൾ പറഞ്ഞു! DCC അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് appeared first on Express Kerala.




