
തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഇൻഫ്ലുവൻസർ ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു (Helen of Sparta Dhanya Harshid). ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ധന്യക്കെതിരെയാണ് തൃശൂർ സൈബർ പൊലീസ് കേസെടുത്തത്.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെ ആറ് വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദീപ്തി കല്യാണിയെയും സുഹൃത്തിനെയും പരാമർശിച്ച് ധന്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ദീപ്തിക്കെതിരെ രൂക്ഷമായതും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ദീപ്തി കല്യാണി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Summary:
Thrissur Cyber Police have registered a case against social media influencer Dhanya Harshid, known as ‘Helen of Sparta’, over allegedly abusive remarks against trans woman Deepti Kalyani. The case was registered based on a complaint submitted to the Thrissur City Police Commissioner under provisions of the BNS, IT Act, Kerala Police Act and Transgender Persons Protection Act.




