വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് എസ്‌ഐടിക്ക്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡിജിപി | Veena George attack case


കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കേസ് പ്രത്യേക അന്വേഷണ സംഘം (Veena George attack case) അന്വേഷിക്കും. കേസിന്റെ തുടർ അന്വേഷണം എസ്‌ഐടിക്ക് കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.
കെഎപി ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ചേർന്ന് മുൻമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസാണ് പ്രത്യേക സംഘം പരിശോധിക്കുക.
ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം. അതുൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ കേസിന്റെ അന്വേഷണത്തിൽ ആരോപണങ്ങളെ സാധൂകരിക്കുന്ന നിർണായക തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം. സംഭവസമയത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മുൻമന്ത്രിക്കുനേരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണമുണ്ടായിട്ടില്ലെന്ന് മൊഴി നൽകിയിരുന്നു.
ഇതോടെ കേസ് തെളിവുകളുടെ കാര്യത്തിൽ പ്രതിസന്ധിയിലായ സാഹചര്യമാണ് ഉണ്ടായത്. തുടർന്ന് കേസിൽ ഉൾപ്പെട്ട കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യവും ലഭിച്ചു.
അതേസമയം, കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് വീണാ ജോർജിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ഗൺമാൻ മൊഴി നൽകിയിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ നടത്തിയെങ്കിലും ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കേസ് കൂടുതൽ വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.
Story Summary: A Special Investigation Team has been formed to investigate the case alleging that KSU workers attempted to attack former minister Veena George at Kannur railway station. The earlier investigation reportedly failed to find crucial evidence supporting allegations of an armed attack, and the accused KSU workers had subsequently secured bail.

