പ്രതീക്ഷിച്ച വിജയങ്ങൾ നേടാൻ 2025ൽ പല തമിഴ് സൂപ്പർസ്റ്റാർ ചിത്രങ്ങൾക്കും കഴിഞ്ഞില്ല. വലിയ പ്രതീക്ഷകളോടെ എത്തിയ പല സൂപ്പർസ്റ്റാർ ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ സിനിമകൾ കാലിടറിയപ്പോഴും അവയിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ, 2025ൽ ശ്രോതാക്കൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത തമിഴ് ഗാനങ്ങളുടെ പട്ടിക സ്‌പോട്ടിഫൈ പുറത്തുവിട്ടിരിക്കുകയാണ്. ഹിറ്റ് മേക്കർ അനിരുദ്ധിനെ പിന്നിലാക്കി യുവസംഗീതസംവിധായകൻ സായ് അഭ്യങ്കർ ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ്.
സായ് അഭ്യങ്കർ ഈണമിട്ട ‘ഡ്യൂഡ്’എന്ന ചിത്രത്തിലെ ‘ഊരും ബ്ലഡ്’ ആണ് 2025ൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട ഗാനം. ഏകദേശം 8.9 കോടിയിലധികം (8,96,43,074) പേരാണ് ഈ ഗാനം ആസ്വദിച്ചത്. സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ ഈ ഗാനം തിരിച്ചും മറിച്ചും ഉപയോഗിച്ചു എന്ന വിമർശനം ഉയർന്നെങ്കിലും പാട്ടിന്റെ ജനപ്രീതിയെ അത് ബാധിച്ചില്ല. സായ് ഓരോ സീനിലും ഈ ഗാനമാണ് ബിജിഎമ്മായി ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു പ്രധാന വിമർശനം. രജനികാന്ത് ചിത്രം ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഗാനത്തിനാണ് രണ്ടാം സ്ഥാനം. അനിരുദ്ധ് ഒരുക്കിയ ഈ ഗാനം 8.06 കോടിയിലധികം പേർ കേട്ടു. സൗബിൻ ഷാഹിറിന്റെ ഡാൻസ് മൂവുകളിലൂടെ സോഷ്യൽ മീഡിയ റീലുകളിൽ ഈ ഗാനം വൻ തരംഗമായിരുന്നു.
Also Read: ‘എല്ലാത്തിനും നന്ദി’; 2026നെ ബൈക്കിലേറി വരവേറ്റ് മഞ്ജു വാര്യർ!
സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ റെട്രോയില ‘കന്നിമ്മ’ എന്ന ഗാനമാണ് ലിസ്റ്റില്‍ മൂന്നാമത്. ലിയോണ്‍ ജെയിംസ് ഗാനം നല്‍കിയ ഡ്രാഗണിലെ ‘വഴിതുണയേ’ എന്ന ഗാനമാണ് ലിസ്റ്റില്‍ നാലാം സ്ഥാനമുള്ളത്. സായ് അഭ്യങ്കറിന്റെ തന്നെ ‘സിത്തര പുത്തിരി’ അഞ്ചാം സ്ഥാനത്തുണ്ട്. കൂലിയിലെ ‘പവർഹൗസ്’, റെട്രോയിലെ ‘കണ്ണാടി പൂവേ’ എന്നിവയാണ് ആറും ഏഴും സ്ഥാനങ്ങളിൽ. അജിത്ത് ചിത്രം വിടാമുയർച്ചിയിലെ ‘പതികിച്ച്’, തലൈവൻ തലൈവിയിലെ ‘പൊട്ടല മുട്ടായേ’, തഗ് ലൈഫിലെ ‘മുത്ത മഴൈ’ എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു.
സിനിമയുടെ റിലീസിന് മുന്നോടിയായി പുറത്തുവന്ന ഈ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ പാട്ടുകൾക്ക് ലഭിച്ച ആ വമ്പൻ സ്വീകാര്യതയോ ഹൈപ്പോ സിനിമകൾ തിയേറ്ററിലെത്തിയപ്പോൾ നിലനിർത്താനായില്ല.
The post ‘മോണിക്ക’യെ വീഴ്ത്തി ‘ഊരും ബ്ലഡ്’; അനിരുദ്ധിനെ പിന്നിലാക്കി സായ് അഭ്യങ്കർ ഒന്നാമത്! appeared first on Express Kerala.



