
കൊല്ലം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റിന് മുൻപ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശമ്പള പരിഷ്കരണത്തോടൊപ്പം പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള ജനപ്രിയ തീരുമാനങ്ങളും വരാനിരിക്കുന്ന ബജറ്റിൽ ഇടംപിടിച്ചേക്കും. കൂടാതെ, എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2,500 രൂപ എന്ന ലക്ഷ്യത്തിലേക്ക് ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
പ്രത്യേക കമ്മിഷന് പകരം സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി തയ്യാറാക്കിയ പുതിയ ഫോർമുല പ്രകാരം ഇത്തവണ 38 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് എന്ന രീതിയിലായിരിക്കും പുതിയ ശമ്പള നിർണ്ണയം. ഇതുപ്രകാരം സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും. ശമ്പള പരിഷ്കരണത്തിന് തത്ത്വത്തിൽ അംഗീകാരമായതോടെ ഇനി രാഷ്ട്രീയപരമായ പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്. ക്ഷാമബത്ത കുടിശ്ശിക നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുള്ള സർക്കാർ, ഈ തുക പി.എഫിൽ ലയിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. പങ്കാളിത്ത പെൻഷന് പകരമായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ‘അഷ്വേർഡ് പെൻഷൻ സ്കീം’ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനവും ഉടൻ പുറത്തിറങ്ങും.
The post സർക്കാർ ജീവനക്കാർക്ക് ശുഭവാർത്ത! ശമ്പള പരിഷ്കരണം ബജറ്റിന് മുൻപ് appeared first on Express Kerala.



