
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ കമാൻഡോകൾ അദ്ദേഹത്തിന്റെ രാജ്യത്ത് കടന്നുകയറി പിടികൂടിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, അമേരിക്കയുടേത് വെറും ‘കാടത്തം’ ആണെന്ന് വിശേഷിപ്പിച്ചു.
ഒരു പരമാധികാര രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കടന്ന് അവിടുത്തെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കിയ നടപടി എന്ത് നീതിയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്തിയ ഈ നീക്കം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും വലിയ ‘തെമ്മാടിത്തവും’ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ ഇത്തരം അധിനിവേശ നയങ്ങൾക്കെതിരെ ലോകമെമ്പാടും ശക്തമായ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കണ്ണൂരിൽ നടന്ന ചടങ്ങിലായിരുന്നു സാമ്രാജ്യത്വ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
Also Read: പുനർജനി; രാഷ്ട്രീയ മോക്ഷമോ അതോ കോൺഗ്രസിന്റെ പതനമോ? കേരളം ഉറ്റുനോക്കുന്ന ആ ‘അഗ്നിപരീക്ഷ’!
മുൻകാലങ്ങളിൽ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പം നിൽക്കുകയും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്ന ഇന്ത്യയുടെ ശബ്ദം ഇന്ന് ഇല്ലാതായിരിക്കുന്നു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ അധിനിവേശത്തെ ഭയന്ന് ശബ്ദിക്കാതിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
The post വെനസ്വേലയിലെ അമേരിക്കൻ കടന്നുകയറ്റം ‘കാടത്തം’; കേന്ദ്രത്തിന്റെ മൗനം ഇന്ത്യക്ക് അപമാനമെന്ന് മുഖ്യമന്ത്രി appeared first on Express Kerala.



