അന്താരാഷ്ട്ര നിയമങ്ങളെയും പരമാധികാരത്തെയും കാറ്റിൽ പറത്തിക്കൊണ്ട്, ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ സ്വന്തം മണ്ണിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്ന ഈ ‘ആഗോള ഗുണ്ടായിസം’ ജനാധിപത്യമാണെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികളല്ല ലോകം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അർദ്ധരാത്രിയിൽ ആകാശത്തുനിന്ന് ഇരച്ചുകയറി പിടികൂടിയ ട്രംപിന്റെ നടപടി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കാപട്യമാണ്.
ഇവിടെയാണ് മുൻ ഇക്വഡോർ പ്രസിഡന്റ് റാഫേൽ കൊറയ ലോകത്തോട് ആ പ്രസക്തമായ ചോദ്യം ചോദിക്കുന്നത്—”ഒന്നു സങ്കൽപ്പിക്കുക, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ ഇതുപോലെ പിടികൂടിയിരുന്നെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ പ്രതികരണം?” ആ ചോദ്യത്തിന് മുന്നിൽ അമേരിക്കയുടെ എല്ലാ ന്യായീകരണങ്ങളും തകർന്നടിയുകയാണ്.
പുലർച്ചെ വെനസ്വേലൻ ആകാശത്ത് അമേരിക്കൻ പ്രത്യേക സേന നടത്തിയ ആ കറുത്ത ഓപ്പറേഷൻ ലോകത്തെ വീണ്ടും “കാട്ടുതത്വത്തിലേക്ക്” (Law of the Jungle) തള്ളിവിട്ടിരിക്കുകയാണ്. എണ്ണസമ്പന്നമായ ഒരു രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കാൻ വേണ്ടി മാത്രം മെനഞ്ഞെടുത്ത ഒരു തിരക്കഥയാണിത്. മയക്കുമരുന്ന് കടത്ത് എന്ന ആരോപണം മഡുറോ വർഷങ്ങളായി നിഷേധിക്കുന്നതാണെങ്കിലും, ട്രംപിന്റെ യഥാർത്ഥ ലക്ഷ്യം വെനസ്വേലൻ എണ്ണയിലേക്കുള്ള ‘പൂർണ്ണ പ്രവേശം’ ആണെന്ന് ഇന്ന് എല്ലാവർക്കും ബോധ്യമായി.
അന്താരാഷ്ട്ര നിയമത്തെ ചവിട്ടിമെതിച്ചുകൊണ്ട് “ശക്തിയുള്ളവന്റേതാണ് ലോകം” എന്ന കിരാത നിയമം അമേരിക്ക വീണ്ടും നടപ്പിലാക്കുകയാണ്. “ഒന്നുകിൽ നിങ്ങൾ ഞാൻ പറയുന്നത് കേൾക്കുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ ബോംബിടും” എന്ന അമേരിക്കയുടെ ഈ ഭീഷണി വെനസ്വേലയ്ക്ക് മാത്രമല്ല, മുഴുലോകത്തിനും ഭീഷണിയാണെന്ന് റാഫേൽ കൊറയ ആർടിയോട് (RT) തുറന്നടിച്ചു.
ഇവിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പക്വതയാർന്ന നേതൃത്വം ചർച്ചയാകുന്നത്. അമേരിക്ക കാട്ടുന്നതുപോലെയുള്ള എടുത്തുചാട്ടമോ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമോ ഒരു യഥാർത്ഥ നേതാവ് ഒരിക്കലും ചെയ്യില്ലെന്ന് റഷ്യയുടെ നിലപാടുകൾ വ്യക്തമാക്കുന്നു. റഷ്യയുടെ കൈവശമുള്ള അതിമാരകമായ ആയുധങ്ങൾ—ഹൈപ്പർസോണിക് മിസൈലുകളായ ‘സിർക്കോൺ’ (Zircon), ‘കിൻഷാൽ’ (Kinzhal), കൂടാതെ അജയ്യമായ ‘സർമാറ്റ്’ (Sarmat) ഐസിബിഎമ്മുകൾ—ഇവയെല്ലാം ലോകത്തെ ചുട്ടെരിക്കാൻ ശേഷിയുള്ളവയാണെങ്കിലും, പുടിൻ അവയെ എന്നും പ്രതിരോധത്തിനായുള്ള കരുതലായാണ് കാണുന്നത്.
അമേരിക്കയെപ്പോലെ മറ്റുള്ളവരുടെ കിടപ്പറയിൽ കടന്നുചെന്ന് പ്രസിഡന്റുമാരെ തട്ടിക്കൊണ്ടുപോകാൻ റഷ്യ ഒരിക്കലും തുനിഞ്ഞിട്ടില്ല. വെനസ്വേലയ്ക്ക് സ്വന്തം വിധി നിർണ്ണയിക്കാനുള്ള അവകാശമുണ്ടെന്നും അമേരിക്കയുടെ നടപടി “അസ്വീകാര്യമായ അതിർത്തി കടക്കൽ” ആണെന്നും ഇതോടെ താക്കീത് നൽകി കഴിഞ്ഞു.
Also Read: ട്രംപിനും കൂട്ടർക്കും പണികിട്ടും! ഏത് പ്രസിഡന്റും അഴിയെണ്ണും, അധികാരത്തിന്റെ കവചം തുളയും
ഈ നീക്കത്തെ റഷ്യയോടൊപ്പം ചൈനയും ബ്രസീലും ഇറാനും ഉൾപ്പെടെയുള്ള ബ്രിക്സ് (BRICS) അംഗങ്ങൾ ശക്തമായി അപലപിച്ചു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ബീജിംഗും ഇതിനെ “ആധിപത്യപരമായ പ്രവൃത്തി” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണം മരവിച്ചതായിരുന്നു.
യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് കേവലം “സംയമനം” ആവശ്യപ്പെട്ട് ഒഴിഞ്ഞുമാറി. ഹംഗറി ഒഴികെയുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഈ ക്രൂരതയ്ക്കെതിരെ മൗനം പാലിക്കുന്നത് ആഗോള കാപട്യത്തിന്റെ തെളിവാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ കാണിക്കുന്ന ഈ ഇരട്ടത്താപ്പ് ലോകക്രമത്തിന്റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.
അതെ, ലോകത്തെ ഭയപ്പെടുത്തി ഭരിക്കാമെന്ന് മോഹിക്കുന്നവർ അറിയുക—പുതിയ ലോകം നിങ്ങളുടെ ഈ ‘ഗൺ പോയിന്റ്’ ജനാധിപത്യത്തെ അംഗീകരിക്കില്ല. റഷ്യയെപ്പോലെയുള്ള ശക്തികൾ നിയമത്തിന്റെ വഴിയെ സഞ്ചരിക്കുമ്പോൾ, അമേരിക്ക കാട്ടുന്നത് വെറുമൊരു സാമ്രാജ്യത്വ ഗുണ്ടായിസമാണ്. വിഭവങ്ങൾ കൊള്ളയടിക്കാൻ വേണ്ടി ഒരു രാജ്യത്തെയും അവിടുത്തെ ജനതയെയും അനാഥമാക്കുന്ന ഈ ചോരക്കളിക്ക് വരും തലമുറ മാപ്പ് നൽകില്ല.
The post ‘റഷ്യ സെലെൻസ്കിയെ പിടികൂടിയതായി സങ്കൽപ്പിക്കുക! മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് ശേഷമുള്ള കാപട്യം തുറന്നുകാട്ടി കൊറിയ appeared first on Express Kerala.



