
2023ൽ ഇന്ത്യൻ സിനിമയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ബിയോണ്ട് ദി കേരള സ്റ്റോറി’ (Beyond The Kerala Story) എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനവും റിലീസ് തീയതിയും പുറത്തുവിട്ടത്.
ആദ്യ ഭാഗം സുദീപ്തോ സെൻ ആണ് സംവിധാനം ചെയ്തതെങ്കിൽ, രണ്ടാം ഭാഗം ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ. ഷായും പ്രവർത്തിക്കുന്നു. ഇത്തവണ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
Also Read: 22 വർഷത്തിന് ശേഷം ‘കരിക്കാമുറി ഷൺമുഖനായി’ മമ്മൂട്ടി; വൈറലായി പുതിയ ചിത്രം!
ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. “അവർ പറഞ്ഞു ഇതൊരു കഥ മാത്രമാണെന്ന്. അവർ അതിനെ നിശബ്ദമാക്കാൻ ശ്രമിച്ചു. അവർ അതിനെ അവഹേളിക്കാൻ ശ്രമിച്ചു. പക്ഷേ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ, അത് കൂടുതൽ ആഴങ്ങളിലേക്ക് പോകുന്നു. ഇത്തവണ, അത് കൂടുതൽ വേദനിപ്പിക്കുന്നു.” എന്നാണ് അനൗൺസ്‌മെന്റ് വീഡിയോയിലെ വാക്കുകൾ. ഇരകളുടെ ശബ്ദവും നമ്മുടെ അയൽപക്കങ്ങളിൽ മറഞ്ഞിരിക്കുന്ന സത്യങ്ങളും ഈ ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന കടുത്ത വിമർശനങ്ങളും നിയമപോരാട്ടങ്ങളും നേരിട്ടാണ് ‘ദി കേരള സ്റ്റോറി’ റിലീസ് ചെയ്തത്. ആദാ ശർമ്മ പ്രധാന വേഷത്തിലെത്തിയ ചിത്രം കേവലം 20 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയിലധികം രൂപ സ്വന്തമാക്കിയ ചിത്രം രണ്ട് ദേശീയ പുരസ്കാരങ്ങളും കരസ്ഥമാക്കി വലിയ ചർച്ചയായി മാറിയിരുന്നു.
The post ‘അവർ നിശബ്ദമാക്കാൻ ശ്രമിച്ചു, പക്ഷേ സത്യം പുറത്തുവരുന്നു’; കേരള സ്റ്റോറി 2 പ്രഖ്യാപിച്ചു! appeared first on Express Kerala.



