loader image
വെനസ്വേലയുടെ വിരിമാറിൽ യുഎസ് ഗർവ്വ്; തടവറയിലും പതറാതെ നിക്കോളാസ് മഡൂറോ!

വെനസ്വേലയുടെ വിരിമാറിൽ യുഎസ് ഗർവ്വ്; തടവറയിലും പതറാതെ നിക്കോളാസ് മഡൂറോ!

ന്താരാഷ്ട്ര രാഷ്ട്രീയ ഭൂപടത്തിൽ ഒരു പരമാധികാര രാഷ്ട്രത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്ക നടത്തിയ ‘മിഡ്‌നൈറ്റ് ഓപ്പറേഷൻ’ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര ലംഘനങ്ങളിൽ ഒന്നായി രേഖപ്പെടുത്തപ്പെടുകയാണ്. വെനസ്വേലയുടെ മണ്ണിൽ നിന്ന്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണത്തലവനെ ശത്രുരാജ്യം തട്ടിക്കൊണ്ടുപോയി തടവറയിലിടുന്നത് കേവലം ഒരു അറസ്റ്റ് മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന് മേൽ തൊടുത്തുവിട്ട മിസൈലാണ്. ഈ നടപടി ആധുനിക ലോകക്രമത്തെ വെല്ലുവിളിക്കുന്നതും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയുടെ ലംഘനവുമാണ്.

കൈവിലങ്ങണിയിച്ച്, ജയിൽ വസ്ത്രത്തിൽ ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിൽ ഹാജരാക്കപ്പെടുമ്പോഴും നിക്കോളാസ് മഡൂറോയുടെ ശരീരഭാഷയിൽ ഒരു പോരാളിയുടെ നിശ്ചയദാർഢ്യം പ്രകടമായിരുന്നു. ജഡ്ജി ആൽവിൻ കെ. ഹെലാർഡ് സ്റ്റൈനിന്റെ കോടതിയിൽ ലോകം കേൾക്കെ പ്രഖ്യാപിച്ചു: “ഞാൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണ്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി എന്നെ തട്ടിക്കൊണ്ടുവന്ന അമേരിക്കയുടെ നടപടി ക്രിമിനൽ കുറ്റമാണ്. എനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായ വ്യാജാരോപണങ്ങൾ മാത്രമാണ്.” മയക്കുമരുന്ന് കടത്ത്, അനധികൃത ആയുധക്കൈമാറ്റം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചാർത്തിയ 25 പേജുള്ള കുറ്റപത്രമാണ് യുഎസ് അധികൃതർ സമർപ്പിച്ചത്. എന്നാൽ, ലോകത്തെ ഏറ്റവും കൊടുംകുറ്റവാളികൾ കഴിയുന്ന ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ (MDC) അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത് സുരക്ഷയ്ക്കല്ല, മറിച്ച് അദ്ദേഹത്തിന്റെ മാനസിക വീര്യം തകർക്കാനാണെന്ന് വ്യക്തം.

Also Read: വിൽക്കാനില്ലെന്ന്’ ഡെൻമാർക്ക്, ‘വേണമെന്ന്’ ട്രംപ്; ലോകത്തെ മുൾമുനയിൽ നിർത്തി ഗ്രീൻലാൻഡ് തർക്കം; മഡുറോയെ വീഴ്ത്തി, ഇനി ലക്ഷ്യം ഗ്രീൻലാൻഡ്?

അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. റഷ്യയും ചൈനയും അമേരിക്കൻ ഗർവ്വിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ (UNSC) അമേരിക്കൻ നീക്കം വൻ പ്രതിഷേധത്തിന് കാരണമായി. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാത്ത ഇത്തരം നടപടികൾ ലോകത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് റഷ്യൻ സർക്കാർ മുന്നറിയിപ്പ് നൽകി. മഡൂറോയെ ഉടൻ മോചിപ്പിക്കണമെന്നും വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കില്ലെന്നും റഷ്യൻ പ്രതിനിധികൾ ആവർത്തിച്ചു ചൈനീസ് വിദേശകാര്യ മന്ത്രാലയം അമേരിക്കൻ നടപടിയെ ‘ആധുനിക കടൽക്കൊള്ള’ എന്നാണ് വിശേഷിപ്പിച്ചത്. മഡൂറോ തന്നെയാണ് വെനസ്വേലയുടെ നിയമപരമായ ഭരണത്തലവനെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ചൈന ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലാറ്റിൻ അമേരിക്കൻ മേഖലയിൽ ഇത് വലിയ അസ്ഥിരതയ്ക്കും സംഘർഷങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

See also  അറബിക്കടലിന്റെ തീരത്ത് ഇന്ത്യയുടെ പുതിയ അഭിമാനം; രണ്ടാംഘട്ട വികസനം കേരളത്തെ ആഗോള ലോജിസ്റ്റിക്സ്–ടൂറിസം ഹബ്ബാക്കി മാറ്റും

എന്തുകൊണ്ടാണ് അമേരിക്ക വെനസ്വേലയെയും മഡൂറോയെയും ഇത്രയധികം വേട്ടയാടുന്നത്? ഇതിന്റെ ഉത്തരം വെനസ്വേലയുടെ മണ്ണിലെ കറുത്ത പൊന്നായ ‘എണ്ണ’യിലാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ പരിശോധിച്ചാൽ ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാകും. വെനസ്വേലയിലെ എണ്ണക്കമ്പനികളുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്ന് ട്രംപ് പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന വ്യാജേന നടത്തുന്ന ഈ നീക്കം യഥാർത്ഥത്തിൽ സാമ്പത്തിക അധിനിവേശമാണെന്ന് ലോകം തിരിച്ചറിയുന്നു. ലാറ്റിൻ അമേരിക്കയെ തങ്ങളുടെ മുറ്റത്തെ ഒരു കോളനിയാക്കി മാറ്റാനുള്ള അമേരിക്കയുടെ പഴയ ‘മൺറോ ഡോക്ട്രിൻ’ നയത്തിന്റെ ആധുനിക രൂപമാണിത്.

മഡൂറോയെ പിടികൂടാൻ നടത്തിയ സൈനിക നീക്കം അത്യന്തം ക്രൂരമായിരുന്നു. അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്ന ക്യൂബൻ സൈനികരടക്കം 32 പേർ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ സംരക്ഷിക്കുക എന്നത് സൈനികരുടെ കടമയാണെന്നിരിക്കെ, അവരെ കൊന്നൊടുക്കിയാണ് യുഎസ് സൈന്യം മഡൂറോയെ തട്ടിക്കൊണ്ടുപോയത്. വെനസ്വേലയുടെ ശക്തമായ ആഭ്യന്തര സുരക്ഷാ സംവിധാനത്തെയും ഇന്റലിജൻസിനെയും മറികടക്കാൻ അമേരിക്കയ്ക്ക് സാധിച്ചത് ഉള്ളിൽ നിന്നുള്ള ചതി മൂലമാണോ എന്ന സംശയം ശക്തമാണ്. പുതിയതായി അധികാരമേറ്റ ആക്ടിങ് പ്രസിഡന്റ് ഡെൻസി റോഡ്രിഗസ് ആദ്യഘട്ടത്തിൽ അമേരിക്കയെ എതിർത്തുവെങ്കിലും പിന്നീട് നിലപാടുകളിൽ വരുത്തിയ മാറ്റം ഈ സംശയത്തെ ബലപ്പെടുത്തുന്നു.

See also  MBOSE SSLC 2026! അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി

Also Read: ഹ്വാസോങ്-20 ഐസിബിഎം..! എല്ലാ അമേരിക്കൻ നഗരങ്ങളെയും ആക്രമിക്കാൻ കഴിയുന്ന ഉത്തരകൊറിയയുടെ “ഡൂംസ്ഡേ മിസൈൽ”

മഡൂറോയുടെ വിചാരണ മാർച്ച് 17-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അതുവരെ ലോകത്തിലെ ഏറ്റവും ഭയാനകമായ ജയിലുകളിൽ ഒന്നിൽ അദ്ദേഹം തുടരേണ്ടി വരും. അമേരിക്കൻ നീതിപീഠത്തിന് മറ്റൊരു രാജ്യത്തെ ഭരണത്തലവനെ വിചാരണ ചെയ്യാൻ എന്ത് അധികാരമാണുള്ളതെന്ന ചോദ്യം ഇതിനോടകം തന്നെ ഉയരുന്നു. ഇത് കേവലം നിയമപരമായ പോരാട്ടമല്ല, മറിച്ച് സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള ഒരു രാഷ്ട്രീയ പോരാട്ടമായി തന്നെ കാണണം.

നിക്കോളാസ് മഡൂറോയെ തടവിലാക്കിയതിലൂടെ വെനസ്വേലയുടെ സ്വാഭിമാനത്തെ അടിച്ചമർത്താം എന്നാണ് അമേരിക്ക കരുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഈ “ലോക പോലീസ്” ചമയൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വലിയ വിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട്. അധിനിവേശത്തിന്റെ കരിനിഴൽ പടരുമ്പോഴും, മഡൂറോയുടെ വാക്കുകൾ ഒരു ജനതയ്ക്ക് ആവേശമാണ്.

വെനസ്വേലയുടെ വിരിമാറിൽ അമേരിക്കയുടെ ഗർവ്വ് വിജയിക്കുമോ എന്ന് കാലം തെളിയിക്കും. റഷ്യയുടെയും ചൈനയുടെയും പിന്തുണയും, മഡൂറോയുടെ പതറാത്ത നിലപാടുകളും അമേരിക്കൻ അധിനിവേശത്തിന് വിലങ്ങുതടിയാകും. സാമ്രാജ്യത്വത്തിന്റെ തടവറയിൽ കിടക്കുമ്പോഴും നിക്കോളാസ് മഡൂറോ ഒരു വ്യക്തിയല്ല, മറിച്ച് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്. വെനസ്വേലയുടെ മണ്ണ് ഒരിക്കലും അടിമത്തത്തിന് വഴങ്ങില്ലെന്നും സ്വാതന്ത്യത്തിന്റെ പുലരി അവിടെ വിരിയുമെന്നും ലോകം പ്രതീക്ഷിക്കുന്നു.

The post വെനസ്വേലയുടെ വിരിമാറിൽ യുഎസ് ഗർവ്വ്; തടവറയിലും പതറാതെ നിക്കോളാസ് മഡൂറോ! appeared first on Express Kerala.

Spread the love

New Report

Close