
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പൻ വിജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എട്ട് വിക്കറ്റിനാണ് കേരളം പുതുച്ചേരിയെ തകർത്തത്. സെഞ്ചറി പ്രകടനവുമായി കളം നിറഞ്ഞ വിഷ്ണു വിനോദിന്റെ ബാറ്റിംഗ് കരുത്തിൽ 247 റൺസ് എന്ന വിജയലക്ഷ്യം വെറും 29 ഓവറിൽ കേരളം മറികടന്നു.
Also Read: അണ്ടർ-15 വനിതാ ഏകദിനത്തിൽ കേരളത്തിന് ആദ്യ തോൽവി; ഛത്തീസ്ഗഢിന് 6 വിക്കറ്റ് വിജയംc
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ സഞ്ജു സാംസണും (11), രോഹൻ കുന്നുമ്മലും (8) നേരത്തെ പുറത്തായെങ്കിലും വിഷ്ണു വിനോദ് പുതുച്ചേരി ബൗളർമാരെ നിലംപരിശാക്കി. വെറും 84 പന്തിൽ നിന്ന് 162 റൺസാണ് വിഷ്ണു അടിച്ചുകൂട്ടിയത്. 14 സിക്സറുകളും 13 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു വിഷ്ണുവിന്റെ വെടിക്കെട്ട് ഇന്നിങ്സ്. മൂന്നാം വിക്കറ്റിൽ ബാബ അപരാജിതിനൊപ്പം (63*) ചേർന്ന് 222 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ടാണ് വിഷ്ണു പടുത്തുയർത്തിയത്.
Also Read:
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസിന് പുറത്തായിരുന്നു. അജയ് രൊഹേര (53), ജശ്വന്ത് ശ്രീറാം (57) എന്നിവർ പുതുച്ചേരിക്കായി അർധ സെഞ്ചറി നേടി. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ബിജു നാരായണൻ, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
The post വിഷ്ണു വിനോദിന്റെ സിക്സർ പെരുമഴ; പുതുച്ചേരിയെ തകർത്ത് കേരളത്തിന് എട്ട് വിക്കറ്റ് ജയം appeared first on Express Kerala.



