
തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഏറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉടൻ കേരളത്തിലെത്തും. ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തലസ്ഥാനത്ത് എത്തുന്നത്. ഇത്തവണ 140 മണ്ഡലങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നതിന് പകരം, വിജയസാധ്യതയുള്ള 35 മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് ‘മിഷൻ 2026’ നടപ്പിലാക്കാനാണ് പാർട്ടി തീരുമാനം.
Also Read: ശബരിമലയിൽ ലക്ഷ്യമിട്ടത് വൻ കവർച്ച; ഗൂഢാലോചന നടന്നത് ബെംഗളൂരുവിൽ, വിവരങ്ങൾ പുറത്തുവിട്ട് SIT
ഭരണം പിടിക്കുന്നതിനപ്പുറം, തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി മാറാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി മുൻ തിരഞ്ഞെടുപ്പുകളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ മണ്ഡലങ്ങൾക്കും മികച്ച വോട്ട് വിഹിതം നേടിയ ഇടങ്ങൾക്കും പ്രത്യേക മുൻഗണന നൽകും.
തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തിലായ സാഹചര്യത്തിൽ, തലസ്ഥാന ജനതയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി എത്തും. ഈ വേദിയിൽ കേരളത്തിനായി പ്രധാനമന്ത്രി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. അമിത് ഷാ എത്തുന്ന ജനുവരി 11-ന് ബിജെപി കോർ കമ്മിറ്റി യോഗവും കൗൺസിലർമാരുടെ യോഗവും ചേരും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ ചർച്ചകളിൽ പങ്കെടുക്കും.
The post മിഷൻ 2026: കേരളം പിടിക്കാൻ മോദിയും അമിത് ഷായും എത്തുന്നു; 35 സീറ്റുകളിൽ കണ്ണുവെച്ച് ബിജെപി തന്ത്രം appeared first on Express Kerala.



