
ന്യൂഡൽഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ മൃഗസ്‌നേഹികൾക്കെതിരെ പരിഹാസവുമായി സുപ്രീംകോടതി. തെരുവുനായകൾ കടിക്കാതിരിക്കാൻ ഇനി അവയ്ക്ക് കൗൺസലിങ് നൽകുക മാത്രമാണ് പോംവഴിയെന്ന് കോടതി പരിഹസിച്ചു. നായകളുടെ മൂഡ് എങ്ങനെ തിരിച്ചറിയുമെന്നും സീനിയർ അഭിഭാഷകൻ കപിൽ സിബലിനോട് കോടതി ചോദിച്ചു.
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് ഈ നിർണായകമായ വാദം നടന്നത്. നിലവിൽ തെരുവുനായ്ക്കളോട് വളരെ ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനോട് ശക്തമായ ഭാഷയിലാണ് ജസ്റ്റിസ് മേത്ത പ്രതികരിച്ചത്. അടുത്ത വാദത്തിനിടെ കോടതി ഒരു വീഡിയോ പ്രദർശിപ്പിക്കുമെന്നും, അത് കണ്ടതിനുശേഷം മനുഷ്യത്വം എന്നാൽ എന്താണെന്ന് ചോദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരുവുനായകളെ വന്ധ്യംകരിച്ചാൽ അവയുടെ ആക്രമണം കുറയുമെന്ന് എൻ.ജി.ഒകൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. എന്നാൽ, വന്ധ്യംകരണം കഴിഞ്ഞാൽ നായകൾ കടിക്കില്ലെന്ന് ഉറപ്പില്ലെന്നും, ഇനി അവയ്ക്ക് ‘കൗൺസലിങ്’ കൂടി നൽകുക മാത്രമാണ് ബാക്കിയെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പരിഹസിച്ചു. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. വിഷയത്തിൽ കൃത്യമായ മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
The post ‘നായയുടെ മൂഡ് എങ്ങനെ അറിയും? ഇനി കൗൺസലിങ് നൽകേണ്ടി വരുമോ?’; തെരുവുനായ കേസിൽ പരിഹസിച്ച് സുപ്രീംകോടതി appeared first on Express Kerala.



