
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ലോകപ്രശസ്തമാണ്. എന്നാൽ ഇപ്പോഴിതാ മോദിയുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിന്റെ രസകരമായ വിവരങ്ങൾ ട്രംപ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
മോദി തന്നെ ‘സർ’എന്നാണ് അഭിസംബോധന ചെയ്തതെന്ന് ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും കരുത്തരായ രണ്ട് നേതാക്കൾക്കിടയിലെ ബഹുമാനവും അടുപ്പവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ‘എനിക്ക് നിങ്ങളെ കാണാൻ വരാമോ?’ എന്ന് മോദി തന്നോട് ചോദിച്ചതായും ട്രംപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മോദി താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണെന്നും അദ്ദേഹം വളരെ കരുത്തനായ ഒരു ഭരണാധികാരിയാണെന്നും ട്രംപ് പുകഴ്ത്തി. മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെയും ട്രംപ് പ്രത്യേകം എടുത്തുപറഞ്ഞു.
ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും ആ തടസ്സങ്ങൾ താൻ നീക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വ്യാപാര നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിൽ ഇന്ത്യക്ക് വലിയ തോതിലുള്ള നികുതി നൽകേണ്ടി വരുന്നുണ്ടെന്നും എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഇറക്കുമതി നികുതികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഈ ഇനത്തിൽ രാജ്യത്തിന് 650 ബില്യൺ ഡോളറിലധികം വരുമാനം ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
The post ‘മോദി എന്നെ ‘സർ’ എന്ന് വിളിച്ചു, കാണാൻ വരാമോ എന്ന് ചോദിച്ചു’: സൗഹൃദ രഹസ്യം വെളിപ്പെടുത്തി ട്രംപ് appeared first on Express Kerala.



