
കോഴിക്കോട്: ഡേറ്റിംഗ് ആപ്പുകൾ വഴി സൗഹൃദം സ്ഥാപിച്ച് ആളുകളെ മയക്കിക്കിടത്തി കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പുവിനെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർന്ന കേസിലാണ് നടപടി.
2025 ഒക്ടോബർ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയെ പരിചയപ്പെട്ട പ്രതി, സൗഹൃദം നടിച്ച് കോഴിക്കോട്ടെത്തുകയായിരുന്നു. ഇരുവരും നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. അവിടെ വെച്ച് ജ്യൂസിൽ മായം കലർത്തി പരാതിക്കാരനെ ബോധം കെടുത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു. ബോധരഹിതനായ പരാതിക്കാരൻ്റെ രണ്ട് പവൻ സ്വർണ്ണാഭരണങ്ങൾ, വെള്ളി അരഞ്ഞാണം, കൈവശമുണ്ടായിരുന്ന 5000 രൂപ എന്നിവ പ്രതി കവർന്നു. കൂടാതെ, എടിഎം കാർഡ് കൈക്കലാക്കി വിവിധ ഘട്ടങ്ങളിലായി 2,40,000 രൂപയും പ്രതി പിൻവലിച്ചു. മോഷണത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ മറ്റൊരു തട്ടിപ്പിനായി കണ്ണൂരിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് തന്ത്രപരമായി കുടുക്കിയത്.
The post ഗേ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ജ്യൂസിൽ മായം കലർത്തി പണവും സ്വർണ്ണവും കവർന്ന പ്രതി പിടിയിൽ appeared first on Express Kerala.



