
തൊടുപുഴ: ഇടുക്കിയിൽ ഭർത്താവിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി അഭിഭാഷക രംഗത്ത്. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ചു വരികയാണെന്ന് യുവതി പറയുന്നു.
വിവാഹശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയ തെരേസയെ അവിടെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നത് പതിവായിരുന്നു. മൂന്ന് മാസം ഗർഭിണിയായിരിക്കെ മനു തന്റെ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും വെളിപ്പെടുത്തി. യുവതിയുടെ മുഖത്തും കഴുത്തിലും കൈകളിലും മർദ്ദനമേറ്റ പാടുകൾ ഇപ്പോഴും ദൃശ്യമാണ്. ചെറിയ തർക്കങ്ങൾ ഉണ്ടാകുമ്പോൾ പോലും ഭാരമേറിയ ട്രോളി ബാഗുകൾ എടുത്ത് ദേഹത്തേക്ക് എറിയുന്നത് മനുവിന്റെ പതിവായിരുന്നുവെന്നും യുവതി പറഞ്ഞു. 2024-ൽ ആദ്യമായി ഗർഭിണിയായപ്പോൾ മനു കൊലവിളി നടത്തുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിക്കുകയും ചെയ്തു. ബെംഗളൂരുവിലുള്ള മനുവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ വെച്ചാണ് ഇത് നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് സഹോദരനെ ഉൾപ്പെടെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
Also Read: ഗേ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ജ്യൂസിൽ മായം കലർത്തി പണവും സ്വർണ്ണവും കവർന്ന പ്രതി പിടിയിൽ
കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും മനുവിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതി.
The post നിർബന്ധിത ഗർഭഛിദ്രം, മർദ്ദനമേറ്റ പാടുകൾ; വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുതൽ യുവതി നേരിട്ടത് ക്രൂരപീഡനം appeared first on Express Kerala.



