
ഇടതുസഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷമായ പ്രതികരണം നടത്തിയത്. ‘കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്തുചാടുക കൂടിയാണല്ലോ സാർ’ എന്നായിരുന്നു രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്. സിപിഎമ്മിന്റെ തകർച്ചയെയും നേതാക്കളുടെ ബിജെപി പ്രവേശനത്തെയും ലക്ഷ്യം വെച്ചായിരുന്നു രാഹുലിന്റെ ഈ ട്രോൾ.
മുപ്പത്തിയഞ്ച് വർഷത്തെ ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചാണ് റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. കാലഹരണപ്പെട്ട ആശയങ്ങളുമായി മുന്നോട്ട് പോയാൽ നാടിന് വികസനമുണ്ടാകില്ലെന്ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിന് വേണ്ടത് അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നടത്തുന്ന വികസന പ്രവർത്തനങ്ങൾ താൻ ദീർഘകാലമായി ശ്രദ്ധിക്കുകയാണെന്നും ഉത്തരേന്ത്യൻ യാത്രയ്ക്കിടയിൽ അവിടുത്തെ വികസനം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്നും റെജി ലൂക്കോസ് വ്യക്തമാക്കി. ബിജെപിയെ വർഗീയവാദികളെന്ന് മുദ്രകുത്തുന്ന സിപിഐഎം തന്നെയാണ് ഇപ്പോൾ വർഗീയത പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ വികസനത്തിനായി ഇനി ബിജെപിക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Also Read: വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി; എസ്എൻഡിപിയെ തകർക്കാൻ ഗൂഢാലോചനയെന്ന് കെ. സുരേന്ദ്രൻ
റെജി ലൂക്കോസ് പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും ‘സ്വയം പ്രഖ്യാപിത’ ഇടതുസഹയാത്രികൻ മാത്രമായിരുന്നു എന്നുമാണ് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഇദ്ദേഹത്തിന് ഇടതുസഹയാത്രികൻ എന്ന വിശേഷണം നൽകിയത് മാധ്യമങ്ങളാണെന്നും, പാർട്ടിയുടെ പേരിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുൻപ് തന്നെ ഇദ്ദേഹത്തിന് കർശന നിർദ്ദേശം നൽകിയിരുന്നതായും സിപിഐഎം ആരോപിച്ചു. എന്നാൽ സിപിഐഎമ്മിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് റെജി ലൂക്കോസ് രംഗത്തെത്തി. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമാണെന്നും എന്നാൽ പദവികളോ ഭാരവാഹിത്വങ്ങളോ ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ അവയൊന്നും ഏറ്റെടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പാർട്ടി അംഗത്വമുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ റെജി ലൂക്കോസ്, സിപിഐഎമ്മിന്റെ ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തു.
The post “ലൈഫ് ജാക്കറ്റില്ലാതെ ചാടുന്നു”; റെജി ലൂക്കോസിന്റെ മാറ്റത്തിൽ സിപിഎമ്മിനെ ട്രോളി രാഹുൽ appeared first on Express Kerala.



