മുൻ മന്ത്രി എ കെ ബാലന്റെ മാറാട് പരാമർശത്തെയും യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എ കെ ബാലൻ ചെയ്തത് മാറാട് കലാപകാലത്തെ കേരളത്തിന്റെ സാഹചര്യം ഓർമ്മിപ്പിക്കുക മാത്രമാണെന്നും, വർഗീയ ശക്തികൾക്ക് മുൻപിൽ യുഡിഎഫ് അന്ന് സ്വീകരിച്ച നിലപാടാണ് സംഘർഷങ്ങൾ വ്യാപിക്കാൻ കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറാട് കലാപത്തിന് ശേഷം പ്രദേശം സന്ദർശിക്കാൻ പോയ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക്, കൂടെ ഏത് മന്ത്രി വരണമെന്ന കാര്യത്തിൽ പോലും ആർഎസ്എസിന്റെ നിബന്ധനകൾക്ക് വഴങ്ങേണ്ടി വന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. വർഗീയ ശക്തികളുടെ അനുവാദം വാങ്ങി ഭരണം നടത്തുന്ന രീതിയായിരുന്നു യുഡിഎഫിന്റേതെന്നും എന്നാൽ താൻ അവിടെ പോയത് ആരുടെയും അനുമതി വാങ്ങിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഗീയതയെ നേരിടുന്നതിൽ യുഡിഎഫിന് കൃത്യമായ നിലപാടില്ലാത്തതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: “ലൈഫ് ജാക്കറ്റില്ലാതെ ചാടുന്നു”; റെജി ലൂക്കോസിന്റെ മാറ്റത്തിൽ സിപിഎമ്മിനെ ട്രോളി രാഹുൽ
കേരളത്തിന്റെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്ന പ്രചാരണം ജമാഅത്തെ ഇസ്‌ലാമിയുടെ ശൈലിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിനെതിരെ എന്ത് പറഞ്ഞാലും അത് ഭൂരിപക്ഷ പ്രീണനമാണെന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ സർക്കാർ വർഗീയതയെയാണ് എതിർക്കുന്നതെന്നും ഇന്നത്തെ കേരളത്തിൽ വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തത് സർക്കാരിന്റെ കർക്കശമായ നിലപാട് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അദ്ദേഹം തിരുത്തി. കമ്മീഷൻ സമർപ്പിച്ച ഭൂരിഭാഗം ശുപാർശകളിലും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 17 വകുപ്പുകൾ ശുപാർശകൾ പൂർണ്ണമായും നടപ്പിലാക്കിയെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെക്കുറിച്ചുള്ള ചോദ്യത്തിന്, എൽഡിഎഫിന് അത്തരം തന്ത്രജ്ഞരില്ലെന്നും ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
The post മാറാട് ഒരു ഓർമ്മപ്പെടുത്തൽ മാത്രം; എ കെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ചും ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചും മുഖ്യമന്ത്രി appeared first on Express Kerala.



