
പരിക്കേറ്റ യുവതാരം തിലക് വർമയ്ക്ക് പകരം ശുഭ്മാൻ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പര തുടങ്ങാനിരിക്കെ പകരക്കാരനായി ഗില്ലിനെ ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിലക് വർമയ്ക്ക് ശസ്ത്രക്രിയ; ടീമിന് കനത്ത തിരിച്ചടി
വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലക് വർമയ്ക്ക് അടിവയറ്റിൽ പരിക്കേറ്റത്. പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചതായാണ് വിവരം. ശസ്ത്രക്രിയ കഴിഞ്ഞാൽ മത്സരരംഗത്തേക്ക് തിരിച്ചെത്താൻ കുറഞ്ഞത് മൂന്ന് മുതൽ നാല് ആഴ്ച വരെ വിശ്രമം വേണ്ടിവരും.
ഇതോടെ ജനുവരി 21-ന് ആരംഭിക്കുന്ന ന്യൂസിലാൻഡ് പരമ്പര തിലകിന് പൂർണ്ണമായും നഷ്ടമാകും. മാത്രമല്ല, അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ ആദ്യ ഘട്ട മത്സരങ്ങളിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. ഫെബ്രുവരി ഏഴിന് യുഎസ്എയ്‌ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
Also Read: ഇന്ത്യയുടെ മധ്യനിരയിൽ വിള്ളൽ! തിലക് വർമ്മയ്ക്ക് പരിക്ക്; ടി-20 ലോകകപ്പിന് മുൻപ് ആരാധകർക്ക് ആശ
ഗില്ലിന്റെ തിരിച്ചുവരവും സഞ്ജുവിന്റെ ആശങ്കയും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് വൈസ് ക്യാപ്റ്റൻ കൂടിയായ ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ തിലകിന്റെ അസാന്നിധ്യത്തിൽ പരിചയസമ്പന്നനായ ഗില്ലിനെ തന്നെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐ നീക്കം. ഗില്ലിന്റെ തിരിച്ചുവരവ് മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ഗിൽ ഓപ്പണറായി എത്തുമ്പോൾ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ ഫിനിഷർ റോളിലേക്ക് മാറ്റുകയും ഗില്ലിനെ ഓപ്പണിംഗിൽ നിലനിർത്തുകയും ചെയ്താൽ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടി വരും.
The post തിലക് വർമ്മ പുറത്ത്, പകരക്കാരനായി ഗിൽ വരുന്നു? സഞ്ജു സാംസന്റെ വിധി ഇനി എന്ത്! appeared first on Express Kerala.



