
തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയ പാതയിലെ പള്ളിച്ചലിൽ ലോറി ബൈക്കിന് പിന്നിലിടിച്ച് രണ്ട് യുവതാരങ്ങൾ മരിച്ചു. കടയ്ക്കുളം വിരാലിവിള സ്വദേശി അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശി ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പിഎസ്‌സി പരിശീലനത്തിനായി പോകവെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
അപകടം നടന്നത് ഇങ്ങനെ
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പള്ളിച്ചൽ ട്രാഫിക് സിഗ്നലിന് 100 മീറ്റർ അകലെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ മുൻവശത്തെ വലത്തെ ടയറിനടിയിൽ കുടുങ്ങിയ ബൈക്കിനെയും യാത്രികരെയും വലിച്ച് സിഗ്നലും കടന്നാണ് ലോറി നിന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
Also Read: അമേരിക്കൻ നടപടിക്കെതിരെ ശബ്ദം ഉയർത്തണം; വെനസ്വേലയിലെ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നേമം തൃക്കണ്ണാപുരത്ത് എംസാൻഡ് ഇറക്കിയ ശേഷം നെയ്യാറ്റിൻകര ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്നു ലോറി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ലോറി ബൈക്കിന് പിന്നിലിടിച്ച് അപകടം; രണ്ട് മരണം appeared first on Express Kerala.



