
കൊച്ചിയിൽ നടന്ന എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാടകീയമായ കൈയാങ്കളിക്കും രൂക്ഷമായ വാഗ്വാദങ്ങൾക്കും വേദിയായി. സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസ് എംഎൽഎയും മന്ത്രി എ.കെ. ശശീന്ദ്രനും വീണ്ടും സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചതാണ് അണികളെ പ്രകോപിപ്പിച്ചത്. തോമസ് കെ. തോമസ് അധ്യക്ഷസ്ഥാനം ഉടനടി ഒഴിയണമെന്ന ആവശ്യം ഉയർന്നതോടെ കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗം അക്ഷരാർത്ഥത്തിൽ അലങ്കോലമായി.
സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ തോമസിന്റെ അനുയായികൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. മുതിർന്ന നേതാക്കൾ ഇടപെട്ട് പിടിച്ചുമാറ്റിയതുകൊണ്ടാണ് വലിയ കൂട്ടത്തല്ല് ഒഴിവായത്.
Also Read: ഭാഷാ യുദ്ധം മുറുകുന്നു! മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് പൂട്ടിടാൻ കർണാടക
കഴിഞ്ഞ പത്തുമാസമായി പാർട്ടി അനാഥമായ അവസ്ഥയിലാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും നേതൃത്വത്തിന് യാതൊരു അനക്കവുമില്ലെന്നും ജില്ലാ പ്രസിഡന്റുമാർ കുറ്റപ്പെടുത്തി. ശശീന്ദ്രനും തോമസും മാറിനിന്ന് പുതിയവർക്ക് അവസരം നൽകണമെന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റികൾ ശക്തമായി ആവശ്യപ്പെട്ടു.
എന്നാൽ തന്നെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റാൻ ആർക്കും കഴിയില്ലെന്ന് തോമസ് കെ. തോമസ് ഉറപ്പിച്ചു പറഞ്ഞത് വീണ്ടും ബഹളത്തിന് കാരണമായി. ഇതോടെ ചർച്ചകൾ പൂർത്തിയാക്കാനാവാതെ നേതാക്കൾ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. താനും ശശീന്ദ്രനും മത്സരിക്കുമെന്ന കാര്യത്തിൽ മാറ്റമില്ലെന്ന് പിന്നീട് തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
The post എൻസിപിയിൽ കൂട്ടത്തല്ല്! നേതാക്കൾ തമ്മിൽ ഉന്തും തള്ളും; കൊച്ചിയിൽ യോഗം അലങ്കോലമായി appeared first on Express Kerala.



