loader image
കുട്ടിയുടെ രോഗത്തിന് കാരണം മന്ത്രവാദമെന്ന് ആരോപണം; ബിഹാറിൽ വീണ്ടും ആൾക്കൂട്ടക്കൊല

കുട്ടിയുടെ രോഗത്തിന് കാരണം മന്ത്രവാദമെന്ന് ആരോപണം; ബിഹാറിൽ വീണ്ടും ആൾക്കൂട്ടക്കൊല

പട്‌ന: കുട്ടിയുടെ അസുഖത്തിന് കാരണം മന്ത്രവാദമാണെന്ന് ആരോപിച്ച് അയൽവാസികൾ യുവതിയെ മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നവാഡ ജില്ലയിലാണ് ക്രൂരസംഭവം നടന്നത്. കിരൺ ദേവി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവരുടെ രണ്ട് ബന്ധുക്കൾക്കും സാരമായി പരിക്കേറ്റു.

അയൽവാസിയായ മുകേഷ് ചൗധരിയുടെ മകന് നിരന്തരമായ ശാരീരിക പ്രശ്‌നങ്ങൾ കാരണം ഡോക്ടറെ കാണിച്ചിരുന്നു. തലച്ചോറുമായി ബന്ധപ്പെട്ട അസുഖം ബാധിച്ചിരുന്നതായി ഡോക്ടർമാർ രോഗവിവരം സ്ഥിരീകരിച്ചിട്ടും, കുട്ടിയുടെ അസുഖത്തിന് കാരണം കിരൺ ദേവിയുടെ മന്ത്രവാദമാണെന്നാണ് കുടുംബം നിരന്തരം കുറ്റപ്പെടുത്തിയിരുന്നത്. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Also Read: പുറമേരിയിൽ റോഡിൽ സ്ഫോടനം; സ്കൂൾ ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറി

വ്യാഴാഴ്ച മുകേഷ് ചൗധരിയും കുടുംബാംഗങ്ങളും ചേർന്ന് ഇഷ്ടിക, കല്ല്, ഇരുമ്പുദണ്ഡുകൾ എന്നിവ ഉപയോഗിച്ച് കിരൺ ദേവിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കിരൺ ദേവിയെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമിതമായ രക്തസ്രാവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, വഴിമധ്യേ കിരൺ ദേവിയുടെ മരണം സംഭവിക്കുകയായിരുന്നു.

See also  വെളിപ്പെടുത്തിയത് വലിയ തട്ടിപ്പ്, കിട്ടിയത് പുറത്താക്കൽ! വി. കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കി

ഗ്രാമത്തിലെ രണ്ട് ബന്ധുവീട്ടുകാർ തമ്മിലുണ്ടായിരുന്ന ദീർഘകാല തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഇരുവിഭാഗത്തിലുമായി നാലഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും രാജൗലി എസ്എച്ച്ഒ രഞ്ജിത് കുമാർ അറിയിച്ചു.

The post കുട്ടിയുടെ രോഗത്തിന് കാരണം മന്ത്രവാദമെന്ന് ആരോപണം; ബിഹാറിൽ വീണ്ടും ആൾക്കൂട്ടക്കൊല appeared first on Express Kerala.

Spread the love

New Report

Close