ചിറയിൻകീഴിൽ വീടിനുനേരെ വീണ്ടും നാടൻ ബോംബേറ്. ഹെൽമെറ്റും മഴക്കോട്ടും ധരിച്ചെത്തിയ സംഘം നാലുതവണ ബോംബെറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം
Current: മലയാളം

ചിറയിൻകീഴ്: ചിറയിൻകീഴിൽ വീടിനുനേരെ വീണ്ടും നാടൻ ബോംബേറ്. വെള്ളി രാത്രി 12.45ന് ശാർക്കര പുതുക്കരിയിൽ വിജയന്റെ വീട്ടിലേക്കാണ് ആക്രമണം. ബൈക്കിൽ ഹെൽമെറ്റും മഴക്കോട്ടും ധരിച്ചെത്തിയ രണ്ടുപേരാണ് നാലുതവണയായി വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞത്.
ഒരെണ്ണം പൊട്ടാതെ കണ്ടെടുത്തു. അക്രമികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒമ്പത് മാസംമുമ്പ് ഇതേവീടിന് അക്രമികൾ തീയിട്ടിരുന്നു. അന്ന് പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഒരാഴ്ചമുമ്പും പ്രദേശത്ത് സമാന സംഭവമുണ്ടായി.
സിപിഐ എം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ബീജ സുരേഷിന്റെ വീടിനാണ് അജ്ഞാതസംഘം ബോംബെറിഞ്ഞത്. മൂന്ന് എണ്ണത്തിൽ ഒന്ന് വീടിന്റെ സിറ്റൗട്ടിൽ പതിച്ചെങ്കിലും പൊട്ടാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സിസിടിവി ദൃശ്യങ്ങളിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്നുപേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് വീണ്ടും ആക്രമണം ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.




