കാനഡയിൽ പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു: വാണിജ്യ പൈലറ്റ് ലൈസൻസിനായി പറക്കൽ സമയം തികയ്ക്കുന്നതിനിടെ സസ്‌കാച്ചെവനിൽ വെച്ച് ദുരന്തം; നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ
Current: മലയാളം

വങ്കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെയുണ്ടായ വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.
തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാര്‍, ശ്രീശരണ്‍ തിരുജ്ഞാനസംബന്ധം എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് വങ്കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ കോണ്‍സുലേറ്റ്, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാവിധ നയതന്ത്ര സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സസ്‌കാച്ചെവനിലെ കിസ്ബെയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സെസ്ന 172 എന്ന പരിശീലന വിമാനം തകര്‍ന്നുവീണത്. ഹാര്‍വ്സ് എയര്‍ എന്ന ഫ്‌ലൈറ്റ് സ്‌കൂളില്‍ നിന്നുള്ള ഈ വിമാനത്തില്‍ വാണിജ്യ പൈലറ്റ് ലൈസന്‍സിനായി പറക്കല്‍ സമയം തികയ്ക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു ഇരുപൈലറ്റുമാരും.
നിശ്ചിത സമയത്തിനുള്ളില്‍ വിമാനം ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് നടത്തിയ തിരച്ചിലിലാണ് അപകടസ്ഥലം കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി കനേഡിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 2025 ജനുവരിക്ക് ശേഷം ഹാര്‍വ്സ് എയര്‍ ഫ്‌ലൈറ്റ് സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മൂന്നാമത്തെ പ്രമുഖ അപകടമാണിത്.




