പഞ്ചനക്ഷത്ര ഹോട്ടലിൽ ഡോക്ടറുടെ മേശയിലെത്തിയത് പാറ്റ; തുക്കാറാം മുണ്ടെയെ ടാഗ് ചെയ്ത് ഡോ. അശോക് സേത്ത് | JW Marriott Mumbai cockroach incident
Current: മലയാളം

മുംബൈ: മുംബൈയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. അശോക് സേത്തിന്റെ മേശയിൽ പാറ്റയെ കണ്ടതിനെ തുടർന്ന് ഹോട്ടലിന്റെ ശുചിത്വത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പ്. ശനിയാഴ്ച രാത്രി സഹാർ ജെഡബ്ല്യു മാരിയറ്റിലെ റൊമാനോ റെസ്റ്റോറന്റിലാണ് സംഭവമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. (JW Marriott Mumbai cockroach incident)
ഭക്ഷണത്തിനിടെയാണ് മേശയിൽ പാത്രങ്ങൾക്കിടയിലൂടെ ചെറിയ പാറ്റ ഓടിനടക്കുന്നത് ഡോ. സേത്ത് കണ്ടത്. ‘റോച്ചീ’ എന്ന് വിളിച്ച പാറ്റ ഭക്ഷണം പങ്കിടാനെത്തിയതാണെന്ന പരിഹാസത്തോടെയാണ് അദ്ദേഹം എക്സിൽ ചിത്രങ്ങൾ പങ്കുവച്ചത്. പാറ്റയെ അവിടെനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അത് പോയില്ലെന്നും ഇതോടെ വിശപ്പ് നഷ്ടപ്പെട്ട് ഭക്ഷണം പൂർത്തിയാക്കാതെ മടങ്ങിയെന്നും അദ്ദേഹം കുറിച്ചു. വിദേശ പ്രതിനിധികൾക്കൊപ്പമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതെന്നും സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും ഡോ. സേത്ത് പിന്നീട് പ്രതികരിച്ചു. അഞ്ചുനക്ഷത്ര ഹോട്ടലിൽ ഭക്ഷണത്തിന് ഉയർന്ന തുക ഈടാക്കുന്ന സാഹചര്യത്തിൽ ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Look who came for dinner unexpectedly. ‘Roachie’ – a baby *cockroach was on our table wanting to share our dinner at the Romano restaurant at JW Marriott , Sahar , Mumbai, Saturday night*!!! Despite our persuasion ‘ Roachie’ refused to leave . Maybe wanted Piazza and not… pic.twitter.com/w1h92KZiaU
— Dr. Ashok Seth (@Dr_AshokSeth) September 20, 2026
സംഭവത്തിൽ മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി കമ്മീഷണർ തുക്കാറാം മുണ്ടെയെ ഡോ. സേത്ത് ടാഗ് ചെയ്തതും ശ്രദ്ധ നേടി. “നമ്മൾ മുണ്ടെയുടെ മേഖലയിലാണ്, അദ്ദേഹം ഇതും പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസരൂപത്തിലുള്ള പരാമർശം. എഫ്എസ്എസ്എഐയെയും ജെഡബ്ല്യു മാരിയറ്റിനെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. 2026 മേയിൽ ചുമതലയേറ്റതിന് പിന്നാലെ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകളും നടപടികളും ശക്തമാക്കിയിരുന്നു. റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ പാറ്റ, എലി ശല്യം, ഭക്ഷണം ശരിയായ താപനിലയിൽ സൂക്ഷിക്കാത്തത്, കാലാവധി കഴിഞ്ഞ ചേരുവകൾ, ശുചിത്വക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ ജെഡബ്ല്യു മാരിയറ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഒരു പാറ്റയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ അടുക്കളയിലും സമാനമായ പ്രശ്നങ്ങളുണ്ടാകാമെന്ന് താൻ കരുതുന്നതായി ഡോ. സേത്ത് പ്രതികരിച്ചെങ്കിലും, അത് അദ്ദേഹത്തിന്റെ ആരോപണം മാത്രമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഹോട്ടലിന്റെ ഭക്ഷ്യസുരക്ഷാ നിലവാരത്തെക്കുറിച്ച് അധികൃതർ പ്രത്യേകമായി എന്തെങ്കിലും കണ്ടെത്തിയതായി നിലവിൽ റിപ്പോർട്ടില്ല.
Summary: Cardiologist Dr Ashok Seth reported spotting a cockroach on his dinner table at the JW Marriott’s Romano restaurant in Mumbai. He left without finishing his meal and tagged Maharashtra Food Safety Commissioner Tukaram Mundhe, the FSSAI and JW Marriott while raising concerns over hygiene.




