സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനം: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു
Current: മലയാളം

റിയാദ്: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനത്തോടനുബന്ധിച്ച് “അന്നം തരുന്ന രാജ്യത്തിന് പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം” എന്ന മുദ്രാവാക്യവുമായി ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ജിഎംഎഫ് ജിസിസി ചെയർമാൻ റാഫി പാങ്ങോട് ദേശീയപതാക ഉയർത്തി. സൗദി അറേബ്യയ്ക്കും ഭരണാധികാരികൾക്കും ജനങ്ങൾക്കും ദേശീയ ദിനാശംസകൾ നേർന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
സൗദി പൗരന്മാർ വിദേശികൾക്ക് നൽകുന്ന ആതിഥ്യമര്യാദയെയും സഹകരണത്തെയും ജിഎംഎഫ് മുഖ്യ രക്ഷാധികാരി ഡോ. ജയചന്ദ്രൻ അഭിനന്ദിച്ചു. സൗദി പൗരന്മാരുടെ സ്നേഹത്തിനും പരിഗണനയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ സൗദി ജനതയ്ക്ക് ദേശീയ ദിനാശംസകൾ നേർന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിദേശികളെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ സ്വീകരിക്കുന്ന സൗദി ജനതയുടെ സമീപനം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരിയും ജിഎംഎഫ് ജിസിസി വനിതാ കോഡിനേറ്ററുമായ കമർബാനു വലിയകത്ത് സംസാരിക്കവെ, സൗദി ജനത വിദേശികളോട് കാണിക്കുന്ന ആതിഥ്യമര്യാദയും സൗഹൃദപരമായ സമീപനവും രാജ്യത്തിന്റെ പ്രത്യേകതയാണെന്ന് അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയിൽ സമീപകാലത്ത് ഉണ്ടായ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജിഎംഎഫ് മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ സംസാരിച്ചു. പ്രത്യേകിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യത്ത് വിവിധ മേഖലകളിൽ വലിയ മാറ്റങ്ങളും വികസനങ്ങളും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

ഓരോ പ്രവാസിയും തങ്ങൾക്ക് ഈ രാജ്യം നൽകുന്ന കരുതലിനും അവസരങ്ങൾക്കും തിരിച്ചും ഉത്തരവാദിത്വത്തോടെ പ്രതികരിക്കണമെന്ന് പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സംഘാടകനുമായ സലീം മാളിയേക്കൽ പറഞ്ഞു.
തുടർന്ന് നടന്ന കേക്ക് മുറിക്കലും മധുരപലഹാര വിതരണവും ജിഎംഎഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, റിയാദ് സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുബൈർ കുമ്മിൾ, നൗഷാദ് മിത്ര, റിയാദ് സെൻട്രൽ കമ്മിറ്റി രക്ഷാധികാരി അഡ്വ. അജിത് കുമാർ, നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സനിൽകുമാർ ഹരിപ്പാട്, ഉണ്ണി കൊല്ലം, അഞ്ജലി, അനിത്രി, ഹിബ അബ്ദുൽസലാം, ബീന സുബൈർ, നിഷാദ് കുട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മലാസ് മജ്‌ലിസിലെ കുടുംബാംഗങ്ങളും അൽമാസ് ഫാമിലി റസ്റ്റോറന്റിലെ ജീവനക്കാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

തുടർന്ന് ഐക്യദാർഢ്യ സൈക്കിൾ റാലി നടന്നു. മലാസിലെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച റാലി കിംഗ് അബ്ദുള്ള പാർക്ക് വഴി കടന്നുപോയി. സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനത്തോടുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു റാലി.
ജിഎംഎഫ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇജാസ്. സജീർ പെരുംകുളം. കെബീർ ഗാർഡൻ. സത്താർ മാഷ് മാവൂർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
ഇന്ന് രാത്രിയിൽ റിയാദ് ഷോലമോളിൽ വഫാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സൗദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും ഗാനങ്ങളും ലൈറ്റിങ് ഷോയും, പ്രമുഖ ഡിജെ കലാകാരനായ ശിഹാബ് ഷായും ശബാന ശിഹാബും നിയന്ത്രിക്കുന്ന അതിഗംഭീര ഡിജെ പ്രോഗ്രാമും സൗദി നാഷണൽ ഡേയോട് അനുബന്ധിച്ച് ഗൾഫ് മലയാളി ഫെഡറേഷനും സംയുക്തമായി നടത്തും.




