
ദുബായ്: ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. സൗദി അതിർത്തിയായ അൽ സിലയിൽ നിന്ന് ആരംഭിച്ച് ഒമാൻ അതിർത്തിയായ ഫുജൈറയിലെ സകംകം വരെ നീളുന്നതാണ് ഇത്തിഹാദ് റെയിൽ പാത. തീരദേശങ്ങൾ, വ്യാവസായിക നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ കോർത്തിണക്കിയാണ് ഈ പാത കടന്നുപോകുന്നത്.
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ
1 അൽ സിലാ സ്റ്റേഷൻ
അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ, സൗദി അറേബ്യയുമായുള്ള അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ സ്ഥാനത്താണ് അൽ സില സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. യുഎഇയുടെ റെയിൽ ശൃംഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ പ്രധാന കേന്ദ്രമായി ഈ പ്രദേശം മാറും. ഭാവിയിൽ ജിസിസി റെയിൽ പാത യാഥാർഥ്യമാകുമ്പോൾ, സൗദി അറേബ്യയെയും യുഎഇയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഈ സ്റ്റേഷൻ മാറും. അൽ സിലയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമാണ് ഗുവെയ്ഫത്ത്. നിലവിൽ ഈ മേഖലയിലൂടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കരമാർഗ്ഗമുള്ള ഗതാഗതം നടക്കുന്നത്. നിലവിൽ ഏകദേശം 12,000 പേർ മാത്രം താമസിക്കുന്ന ശാന്തമായ ഒരു തീരപ്രദേശമാണിത്. പരിമിതമായ വ്യാപാര സ്ഥാപനങ്ങളും ചെറിയ പാർപ്പിട മേഖലകളും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
Also Read: പ്രവാസികൾക്ക് പുതുവർഷ സമ്മാനം; കോഴിക്കോട്- റിയാദ് നേരിട്ടുള്ള വിമാന സർവീസുമായി ‘സൗദിയ’
2 അൽ ദന്നാഹ്
മുമ്പ് റുവൈസ് എന്നറിയപ്പെട്ടിരുന്ന അൽ ദന്നാഹ്, ഇന്ന് യുഎഇയുടെ ഊർജ്ജ-വ്യവസായ മേഖലയിലെ ഏറ്റവും നിർണ്ണായകമായ നഗരങ്ങളിൽ ഒന്നാണ്. അബുദാബി നഗരത്തിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന ഈ പ്രദേശം, ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വ്യവസായ നഗരമായി അതിവേഗം വളർന്നു കഴിഞ്ഞു. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണ ശാലകളും വ്യവസായ സമുച്ചയങ്ങളും ഇവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1970-കളിൽ തന്നെ അഡ്നോക് ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി എല്ലാവിധ ജീവിതസൗകര്യങ്ങളോടും കൂടി ഈ നഗരം രൂപകൽപ്പന ചെയ്യപ്പെട്ടു.
3 അൽ മിർഫ
അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ മിർഫ, ചരിത്രപരമായ പ്രാധാന്യവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഒരിടമാണ്. ഇത്തിഹാദ് റെയിൽ പാതയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണിത്. പണ്ട് കാലത്ത് മുത്തുവാരിയെടുക്കുന്നവരുടെയും (Pearl diving) മത്സ്യത്തൊഴിലാളികളുടെയും പ്രധാന കേന്ദ്രമായിരുന്നു മിർഫ. ഇന്ന് ആ പഴയ ഗ്രാമം ആധുനിക സൗകര്യങ്ങളുള്ള മനോഹരമായ ഒരു പാർപ്പിട മേഖലയായി വികസിച്ചിരിക്കുന്നു. അതിമനോഹരമായ മിർഫാ ബീച്ച് അബുദാബിയുടെ പരമ രഹസ്യ ബീച്ച് എന്നാണ് അറിയപ്പെടുന്നത്. ശാന്തമായ ഈ കടൽത്തീരം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. കൈറ്റ് ബോർഡിങ്, വേക്ക് ബോർഡിങ്, സ്കീ കയാക്കിങ് തുടങ്ങിയ സാഹസിക ജലവിനോദങ്ങൾക്കും മത്സരങ്ങൾക്കും മിർഫ സ്ഥിരം വേദിയാകാറുണ്ട്.
Also Read: സൗദിയിൽ വ്യോമയാന നിയമലംഘനം; 1.38 കോടി റിയാൽ പിഴ ചുമത്തി
4 മദീനത്ത് സായിദ്
പ്രധാന റെയിൽ പാതയിൽ നിന്ന് തെക്കോട്ട് മാറി ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആദ്യ സ്റ്റേഷനാണിത്. ലോകപ്രശസ്തമായ അൽ ദഫ്ര ഫെസ്റ്റിവലിന്റെ പ്രധാന വേദിയാണിത്. ഒട്ടക ഓട്ടമത്സരങ്ങൾക്കും പരമ്പരാഗത അറബിക് വിപണികൾക്കും (Souq) ഇവിടം പ്രസിദ്ധമാണ്. അബുദാബി നഗരത്തിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയാണ് ഈ പട്ടണം.
5 മെസായിറ
തെക്കൻ പാതയിലെ രണ്ടാമത്തെ സ്റ്റേഷനായ ഇത് ലിവ മരുഭൂമിക്ക് അടുത്താണ്. പ്രസിദ്ധമായ മെസായിറ കോട്ട ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഡ്യൂൺ ബാഷിങ്, ഒട്ടക സവാരി, ക്യാമ്പിങ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ മരുഭൂമി പ്രദേശം.
6 അബുദാബി
രാജ്യതലസ്ഥാനത്തെ പ്രധാന സ്റ്റേഷൻ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ്ഒരുങ്ങുന്നത്. മസ്യാദ് മാൾ, ഡെൽമ മാൾ എന്നിവയ്ക്ക് അടുത്താണിത്. സാധാരണക്കാർക്കും പ്രവാസികൾക്കും ഏറെ പ്രിയപ്പെട്ട പാർപ്പിട മേഖലയിലാണ് ഈ സ്റ്റേഷൻ വരുന്നത്.
Also Read: അജ്മാനിൽ ഇനി അതിവേഗ ചാർജിങ്; ആദ്യ സംയോജിത ഇവി സ്റ്റേഷൻ തുറന്നു
7 അൽ ഫായ
അബുദാബിക്കും ദുബായിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു പ്രധാന ചരക്ക് ഗതാഗത കേന്ദ്രമാണ്. കണ്ടെയ്നർ തുറമുഖ മേഖലയായ ഇവിടെ റെയിൽവേയുടെ വലിയൊരു ചരക്ക് കൈമാറ്റ കേന്ദ്രം പ്രവർത്തിക്കുന്നു.
8 ദുബായ്
ദുബായിലെ റെയിൽവേ സ്റ്റേഷൻ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സ്റ്റേഷന് തൊട്ടടുത്ത് തന്നെ ദുബായ് മെട്രോ സ്റ്റേഷനും ഉള്ളതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്താം.
9 യൂണിവേഴ്സിറ്റി നഗരം
ഷാർജയിലെ വിദ്യാഭ്യാസ ഹബ്ബായ യൂണിവേഴ്സിറ്റി സിറ്റിയെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ സ്റ്റേഷൻ വലിയ അനുഗ്രഹമാകും.
Also Read: പൗഡർ ഡപ്പികൾക്കുള്ളിൽ ലഹരിവേട്ട; കുവൈത്ത് വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ
10 അൽ ദായിദ്
ഷാർജയിലെ കാർഷിക മേഖലയായ അൽ ദൈദ് ഈന്തപ്പന കൃഷിക്ക് പ്രസിദ്ധമാണ്. ഹജർ പർവതനിരകളുടെ താഴ്വരയിലുള്ള ഈ നഗരം വെള്ളിയാഴ്ച ചന്തയ്ക്കും ഒട്ടക ഓട്ടത്തിനും പേരു കേട്ടതാണ്.
11 സകംകം
ഫുജൈറ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ റെയിൽവേയുടെ കിഴക്കൻ മേഖലയിലെ പ്രധാന കണ്ണിയാണ്. ചരിത്ര സ്മാരകങ്ങൾക്ക് സമീപമാണ് ഈ സ്റ്റേഷൻ. പർവതങ്ങളും കടലും ചേരുന്ന ഫുജൈറയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഈ പാത സഹായിക്കും.
The post പാളമിട്ട് യുഎഇ; മരുഭൂമിയിലെ അത്ഭുതയാത്രയ്ക്ക് ഒരുങ്ങി ഇത്തിഹാദ് റെയിൽ appeared first on Express Kerala.



