"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ലക്ഷദ്വീപിൽ ഭരണപരിഷ്കാരം: സർക്കാർ ഓഫീസുകളിലും വകുപ്പുകളിലും വൻ അഴിച്ചുപണി; ജീവനക്കാരുടെ തസ്തിക വെട്ടിച്ചുരുക്കി, കേന്ദ്രീകൃത സംവിധാനം വരുന്നു

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെയും ഓഫീസുകളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചെലവുകൾ ചുരുക്കുന്നതിനുമായി വൻ ഭരണപരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ-അക്കൗണ്ട്സ് വകുപ്പ് (Department of Finance & Accounts) ഡെപ്യൂട്ടി സെക്രട്ടറി അഴക് നവാസ് സി. പുറപ്പെടുവിച്ചു.


2026 നവംബർ 1 മുതൽ പുതിയ ഭരണപരിഷ്കാരങ്ങൾ പൂർണ്ണമായി പ്രാബല്യത്തിൽ വരും. ഇതിനുമുന്നോടിയായുള്ള നടപടികൾ 2026 ഒക്ടോബർ 31-നകം പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.


പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
 
* വകുപ്പുകളുടെ ലയനം (Clubbing of Sister Departments):

   നിലവിൽ പ്രവർത്തിക്കുന്ന 40 വെവ്വേറെ വകുപ്പുകളെ സംയോജിപ്പിച്ച് 25 ‘ഇന്റഗ്രേറ്റഡ് ഡിപ്പാർട്ട്‌മെന്റുകൾ’ (Integrated Departments) ആക്കി മാറ്റി. അഗ്രികൾച്ചർ, അനിമൽ ഹസ്ബൻഡറി, ഫിഷറീസ് വകുപ്പുകൾ ഇനി ഒറ്റ ഗ്രൂപ്പായി പ്രവർത്തിക്കും. കൂടാതെ ടൂറിസവും ആർട്സ് & കൾച്ചറും, എഡ്യൂക്കേഷനും സ്പോർട്സും, എൻവിറോൺമെന്റും സയൻസ് & ടെക്നോളജിയും ഒന്നിച്ചു പ്രവർത്തിക്കും.
 
* സേവന വിഭാ​ഗം കേന്ദ്രീകരണം (Services Department):


  എല്ലാ വകുപ്പുകളിലെയും തസ്തിക സൃഷ്ടിക്കൽ, നിയമനങ്ങൾ, പ്രൊമോഷൻ, ട്രാൻസ്ഫർ, ക്രമീകരണങ്ങൾ, അച്ചടക്ക നടപടികൾ, കോൺട്രാക്ട് നിയമനങ്ങൾ, പരിശീലനം തുടങ്ങിയ സ്ഥാപനപരമായ (Establishment) എല്ലാ കാര്യങ്ങളും ഇനി കവരത്തി സെക്രട്ടറിയേറ്റിലെ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ആയിരിക്കും നേരിട്ട് കൈകാര്യം ചെയ്യുക.


* സാമ്പത്തിക കാര്യങ്ങളും അക്കൗണ്ട്സും (Finance Department):
   എല്ലാ ജീവനക്കാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ, മെഡിക്കൽ റീഇംബേഴ്സ്മെന്റ്, സർവീസ് ബുക്ക് പരിപാലനം, എൽ.ടി.സി (LTC), ജി.പി.എഫ് (GPF/NPS) തുടങ്ങിയ ജീവനക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ ഫൈനാൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലേക്ക് മാറ്റി.


* നിയമപരമായ കാര്യങ്ങൾ (Law Department):
   വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കോടതി കേസുകൾ, മറുപടി സത്യവാങ്മൂലങ്ങൾ തയ്യാറാക്കൽ, വക്കീൽ ഫീസ് സർട്ടിഫൈ ചെയ്യൽ തുടങ്ങിയ നിയമകാര്യങ്ങളെല്ലാം ഇനി സെക്രട്ടറിയേറ്റിലെ ലോ ഡിപ്പാർട്ട്‌മെന്റ് നേരിട്ട് ഏകോപിപ്പിക്കും.
 


* ഡി.ഡി.ഒ (DDO) തസ്തികകൾ വെട്ടിച്ചുരുക്കി:

   ഭരണകൂടത്തിന് കീഴിലുള്ള തുക വിതരണ ചുമതലയുള്ള ഓഫീസർമാരുടെ (Drawing and Disbursing Officers – DDO) എണ്ണം 111-ൽ നിന്ന് 54 ആയി കുറച്ചു. നിലവിലുള്ള ചെക്ക് ഡ്രോയിങ് ഡി.ഡി.ഒ (CDDO) സംവിധാനം നിർത്തലാക്കി കവരത്തി പേ & അക്കൗണ്ട്സ് ഓഫീസിന് (PAO) കീഴിലുള്ള NCDDO ആക്കി മാറ്റി.
 
* തസ്തികകളുടെ പുനഃസംഘടനയും വെട്ടിക്കുറയ്ക്കലും (HR Rationalisation):
   ഭരണ നവീകരണത്തിന്റെ ഭാഗമായി ക്ളറിക്കൽ/മിനിസ്റ്റീരിയൽ ജീവനക്കാരുടെ ആകെ തസ്തികകളുടെ എണ്ണം 450 ആയി ക്ലിപ്തപ്പെടുത്തി:
   
* ഓഫീസ് സൂപ്രണ്ട് (Office Superintendent) – 58
   
* സ്റ്റെനോഗ്രാഫർ (Stenographer) – 31
   
* അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) – 158
   
* ലോവർ ഡിവിഷൻ ക്ലർക്ക് (LDC) – 203
   
അധികമായി വരുന്ന ജീവനക്കാരെ/തസ്തികകളെ മറ്റ് ആവശ്യങ്ങളിലേക്ക് മാറ്റി വിന്യസിക്കുകയോ റദ്ദാക്കുകയോ ചെയ്യും.
 
* മറ്റു ദ്വീപുകളിൽ ക്ലറിക്കൽ പൂളിംഗ് (Pooling of Staff):

   അഗത്തി, അമിനി,ചെത്തിലത്ത് അന്ത്രോത്ത്, മിനിക്കോയ് ഉൾപ്പെടെയുള്ള മറ്റ് ദ്വീപുകളിൽ (Peripheral Islands) ക്ലറിക്കൽ ജീവനക്കാരെ അതാത് ഡെപ്യൂട്ടി കളക്ടർ / ബി.ഡി.ഓ (DC/BDO) ഓഫീസുകൾക്ക് കീഴിൽ ‘പൂൾ’ ചെയ്യും. ഈ ഓഫീസുകളിൽ നിന്നാകും ദ്വീപുകളിലെ മറ്റ് വകുപ്പ് ഓഫീസുകളിലെ ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കുക. എന്നാൽ സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ, എൽ.പി.ഡബ്ല്യു.ഡി (LPWD)/ഇലക്ട്രിസിറ്റി തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്ക് പ്രത്യേക സംവിധാനം തുടരും.

പരിഷ്കരണത്തിന് പിന്നിലെ കാരണം:

ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം മുൻകാലങ്ങളിൽ ഓരോ ദ്വീപിലും ഓരോ വകുപ്പിനും വെവ്വേറെ ഓഫീസുകളും ജീവനക്കാരും ഉണ്ടായിരുന്നു.

എന്നാൽ e-Office, PFMS തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ പഴയ രീതി അനാവശ്യ ചെലവുകൾക്കും ജോലികളുടെ ഇരട്ടിപ്പിനും കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അനുമതിയോടെ ഈ പുതിയ വിപ്ലവാത്മക മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

പൊതുജന സേവനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിക്കാത്ത രീതിയിൽ മാത്രമേ പരിഷ്കാരങ്ങൾ നടപ്പിലാക്കൂ എന്നും ഭരണകൂടം അറിയിച്ചു.

Get more updates from Pudukad News on Google