വ്യാജ പനീറിന് തടയിടാൻ കർശന നടപടിയുമായി FSSAI: കരട് വിജ്ഞാപനം പുറപ്പെടുവിച്ചു | FSSAI Fake Paneer Ban
Current: മലയാളം

ന്യൂഡൽഹി: പാലുൽപ്പന്നങ്ങൾക്ക് പകരം സസ്യ എണ്ണകളും മറ്റ് ചേരുവകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ‘അനലോഗ്’ ഉൽപ്പന്നങ്ങൾ ‘പനീർ’ എന്ന പേരിൽ വിൽക്കുന്നത് തടയാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഏജൻസിയായ എഫ്.എസ്.എസ്.എ.ഐ (FSSAI). ഇത് സംബന്ധിച്ച് എഫ്.എസ്.എസ്.എ.ഐ പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.(FSSAI Fake Paneer Ban, FSSAI Proposes Ban On Selling Non Dairy Analogue Products)
പാലിലെ കൊഴുപ്പും പ്രോട്ടീനും നീക്കം ചെയ്ത് സസ്യ എണ്ണ, വെജിറ്റബിൾ ഫാറ്റ്, വെജിറ്റബിൾ പ്രോട്ടീൻ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ ഉൽപ്പന്നങ്ങൾ യഥാർത്ഥ പനീർ എന്ന പേരിൽ വിപണിയിലിറക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. നിലവിൽ ‘അനലോഗ് ഇൻ ഡെയറി കോൺടെക്സ്റ്റ്’ എന്ന വിഭാഗത്തിൽ ലൈസൻസ് നേടിയിട്ടുള്ള ഉൽപ്പന്നങ്ങൾ ഇനി മുതൽ ലേബലുകളിലോ പരസ്യങ്ങളിലോ വിപണനത്തിലോ ‘പനീർ’ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല.
കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെ എട്ടോളം സംസ്ഥാനങ്ങൾ നിലവിൽ ഇത്തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റിൽ വ്യാജ പനീർ നൽകിയെന്ന ആരോപണം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുത്ത നടപടികളിലേക്ക് കടന്നത്. പാൽ, മിൽക്ക് സോളിഡ്സ്, അംഗീകൃത ആസിഡുലന്റുകൾ, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ മാത്രമാണ് യഥാർത്ഥ പനീറിൽ ഉപയോഗിക്കാൻ നിയമപരമായി അനുമതിയുള്ളത്. ഹോട്ടൽ മെനു കാർഡുകളിലും മറ്റും ഉപയോഗിക്കുന്നത് നോൺ-ഡെയറി അല്ലെങ്കിൽ അനലോഗ് ഉൽപ്പന്നങ്ങളാണെങ്കിൽ അത് വ്യക്തമായി രേഖപ്പെടുത്തണമെന്ന നിബന്ധനയും ശക്തമാക്കാൻ എഫ്.എസ്.എസ്.എ.ഐ ഉദ്ദേശിക്കുന്നുണ്ട്.
Story Summary
The Food Safety and Standards Authority of India (FSSAI) has issued a draft notification proposing to prohibit non-dairy analogue products from being sold under the label ‘paneer’. The regulation mandates that products made using vegetable oils or fats cannot use the term paneer in their branding, labeling, or marketing to prevent consumer deception.




